9 വയസ്സുകാരിയുടെ കൈ മുറിച്ച സംഭവത്തിൽ പരാതി നൽകി കുടുംബം
പാലക്കാട്: പാലക്കാട് പല്ലശ്ശനയിൽ 9 വയസ്സുകാരി വിനോദിനിയുടെ വലത് കൈ മുറിച്ച് മാറ്റിയ സംഭവത്തിൽ കുടുംബം നീതി ആവശ്യപ്പെട്ട് രംഗത്ത്. ഡോക്ടർമാരുടെ വീഴ്ചയാണെന്ന് ആരോപിച്ച് മുത്തശ്ശി ഓമന പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഒരുമാസം പിന്നിട്ടിട്ടും നീതി ലഭ്യമാകാതെ തുടരുകയാണെന്ന് കുടുംബം അറിയിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ കുട്ടി ഇപ്പോഴും ചികിത്സയിലാണ്. ചികിത്സാ ചെലവും തുടർന്നുള്ള സഹായത്തിനും സർക്കാർ തിരിഞ്ഞുനോക്കാത്തതായാണ് കുടുംബത്തിന്റെ ആരോപണം.
സെപ്റ്റംബർ 24-ന് വീടിന് സമീപം കളിക്കുന്നതിനിടെയാണ് പെൺകുട്ടിക്ക് പരിക്കേറ്റത്. ആദ്യം ജില്ലാശുപത്രിയിൽ എത്തിയെങ്കിലും അവിടെ ഉണ്ടായ പിഴവാണ്കൈ മുറിക്കേണ്ടിവന്നതിന് കാരണമെന്നാണ് കുടുംബം ആരോപിക്കുന്നത്. ആരോഗ്യ വകുപ്പിന്റെ അന്വേഷണത്തിൽ ഡോക്ടർമാരെ സംരക്ഷിച്ചുവെന്ന വിമർശനവും കുടുംബം ഉന്നയിച്ചു. ആരോഗ്യ വകുപ്പ് രണ്ടു ഡോക്ടർമാരെ സസ്പെൻഡ് ചെയ്തതിൽ മാത്രമാണ് നടപടി നിർത്തിയതെന്നും, തെറ്റ് ചെയ്തവരെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി എന്നിവർക്കും വീണ്ടും പരാതി നൽകിയതായും കുടുംബം വ്യക്തമാക്കി.

