അക്രമകാരികളായ മൃഗങ്ങളെ കൊല്ലാം; ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം., നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും

തിരുവന്തപുരം: ജനവാസമേഖലയിൽ ഇറങ്ങുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാൻ അനുമതി നൽകുന്ന ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം. കേന്ദ്രനിയമത്തില്‍ ഭേദഗതി ലക്ഷ്യമിട്ട് തയ്യാറാക്കിയ ബിൽ തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും. . 1972 ലെ വന്യജീവി സംരക്ഷണ നിയമത്തിലാണ് സംസ്ഥാനം ഭേദഗതി കൊണ്ടുവന്നത്. ജനവാസകേന്ദ്രങ്ങളില്‍ ഇറങ്ങുന്ന അക്രമകാരികളായ മൃഗങ്ങളെ പ്രത്യേക സാഹചര്യത്തില്‍ മാത്രമേ വെടിവച്ചുകൊല്ലാന്‍ അനുമതി നൽകൂ എന്നാണ് ബില്ലിൽ പ്രതിപാദിക്കുന്നത്.
മൃഗങ്ങളെ കൊല്ലാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് ഉത്തരവിടാന്‍ കഴിയും. കൂടാതെ വനനിയമത്തിലെ ഭേദഗതിക്കും മന്ത്രിസഭ അംഗീകാരം നല്‍കി. സ്വകാര്യവ്യക്തിയുടെ പുരയിടത്തിലെ ചന്ദനമരം വനംവകുപ്പിന്റെ അനുമതിയോടെ മുറിക്കുന്നതു സംബന്ധിച്ച ബില്ലും അംഗീകരിച്ചു. കഴിഞ്ഞ എട്ട് വർഷത്തിനിടെ കാട്ടാന ആക്രമണത്തിൽ മാത്രം 180 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. നിയമപരമായ സങ്കീർണ്ണതകൾ ഉണ്ടെങ്കിലും, മലയോര മേഖലകളിലെ ജനങ്ങളുടെ ആശങ്കകൾക്ക് പരിഹാരമാകുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം.