അതിദാരിദ്ര്യമുക്ത പ്രഖ്യാപനം; മോഹന്‍ലാലും കമല്‍ഹാസനും ചടങ്ങിൽ പങ്കെടുക്കില്ല
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ അതിദാരിദ്ര്യമുക്ത കേരളം പ്രഖ്യാപനച്ചടങ്ങില്‍ പ്രമുഖ നടന്മാരായ മോഹന്‍ലാലും കമല്‍ഹാസനും പങ്കെടുക്കില്ലെന്ന് അറിയിച്ചു. വ്യക്തിപരമായ തിരക്കുകൾ മൂലം ചടങ്ങിൽ എത്താനാകില്ലെന്ന് ഇരുവരും അറിയിച്ചു. മോഹന്‍ലാല്‍ വിദേശത്ത് ചിത്രീകരണത്തിലാണ് എന്നാണ് വിവരം. ഇന്ന് വൈകിട്ട് 3.30ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് പ്രധാന ചടങ്ങ്.
അതേസമയം, ഈ ചടങ്ങിൽ പങ്കെടുക്കാനായി മമ്മൂട്ടി തലസ്ഥാനത്തെത്തി. മന്ത്രി വി. ശിവൻകുട്ടി മമ്മൂട്ടിയെ സ്വീകരിച്ചു. പ്രതിപക്ഷ നേതാവിനും ക്ഷണം ഉണ്ടായിരുന്നുവെങ്കിലും അദ്ദേഹം പങ്കെടുക്കില്ല. ഇന്നു രാവിലെ വിളിച്ചുചേർത്ത പ്രത്യേക നിയമസഭാ സമ്മേളനത്തിൽ മുഖ്യമന്ത്രി അതിദാരിദ്ര്യമുക്ത സംസ്ഥാന പ്രഖ്യാപനം നടത്തി. വൈകിട്ട് നാല് മണിക്കാണ് സെൻട്രൽ സ്റ്റേഡിയത്തിലെ പൊതുചടങ്ങിൽ രണ്ടാം പ്രഖ്യാപനം. 64,006 കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽ നിന്ന് ഉയർത്തിയതിനെ നവകേരള സൃഷ്ടിയിലേക്കുള്ള വലിയ പടിയായി മുഖ്യമന്ത്രി വിശേഷിപ്പിച്ചു.
എല്‍ഡിഎഫ് വാഗ്ദാനങ്ങളിൽ പ്രധാനമായിരുന്ന ഈ പ്രഖ്യാപനം നിറവേറ്റിയതിലൂടെ തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ചതാണ് സര്‍ക്കാരിന്റെ അവകാശവാദം. പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തോട് വിടവാങ്ങികൊണ്ടാണ് പ്രഖ്യാപനം നടപ്പിലാക്കിയത്. നവകേരള സൃഷ്ടിയുടെ നിര്‍ണായക ഘട്ടത്തിലേക്കാണ് കേരളം കടന്നതെന്ന് സ്പീക്കർ എ. എന്‍. ഷംസീര്‍ അഭിപ്രായപ്പെട്ടു.

