അതീവ രഹസ്യമായ സര്‍ക്കാര്‍ രേഖകള്‍ നിയമവിരുദ്ധമായി കൈവശം വെച്ചു; ഇന്ത്യന്‍ വംശജനായ പ്രതിരോധ വിദഗ്ധന്‍ യുഎസിൽ അറസ്റ്റിൽ

വാഷിങ്ങ്ടൺ: രഹസ്യ വിവരങ്ങള്‍ നിയമവിരുദ്ധമായി സൂക്ഷിച്ചതിനും ചൈനീസ് ഉദ്യോഗസ്ഥരെ സന്ദര്‍ശിച്ചതിനും ഇന്ത്യന്‍ വംശജനായ പ്രതിരോധ വിദഗ്ധന്‍ ആഷ്‌ലി ജെ ടെല്ലിസിനെ യുഎസ് പോലീസ് അറസ്റ്റു ചെയ്തു. മുന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യൂ ബുഷിന്റെ ദേശീയ സുരക്ഷാ കൗണ്‍സില്‍ അംഗമായിരുന്നു ആഷ്‌ലി ജെ ടെല്ലിസ്.
രഹസ്യരേഖകള്‍ പ്രിന്റ് എടുക്കുകയും 1,000-ല്‍ അധികം പേജുകളുള്ള അതീവ രഹസ്യമായ സര്‍ക്കാര്‍ രേഖകള്‍ വീട്ടിലെ ഫയലിംഗ് കാബിനറ്റുകളിലും മാലിന്യ സഞ്ചികളിലുമായി സൂക്ഷിക്കുകയും ചെയ്തു എന്നതാണ് ടെല്ലിസിനെതിരെയുള്ള ആരോപണം. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ ശമ്പളം ലഭിക്കാത്ത ഉപദേഷ്ടാവായും പെന്റഗണ്‍ കോണ്‍ട്രാക്ടറായുമാണ് ടെല്ലിസിനെ എഫ്ബിഐ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പരാമർശിക്കുന്നത്.