അദാനി തുറമുഖങ്ങളില്‍ ഉപരോധിത ടാങ്കര്‍ കപ്പലുകള്‍ക്ക് വിലക്ക്

മുംബൈ: അമേരിക്ക, ബ്രിട്ടന്‍, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടെ ഉപരോധത്തിന് വിധേയമായ ടാങ്കര്‍ കപ്പലുകള്‍ക്ക് ഇനി മുതല്‍ അദാനി തുറമുഖങ്ങളില്‍ പ്രവേശന വിലക്ക്. ഈ തീരുമാനം ഇന്ത്യയിലേക്കുള്ള റഷ്യന്‍ അസംസ്‌കൃത എണ്ണയുടെ ഗതാഗതത്തെ ബാധിക്കാമെന്നാണ് വിലയിരുത്തല്‍.
റഷ്യയില്‍നിന്ന് എത്തുന്ന എണ്ണയുടെ വലിയൊരു വിഹിതവും ഇത്തരത്തിലുള്ള ഉപരോധിത ടാങ്കറുകളിലൂടെയാണ് ഇന്ത്യന്‍ തീരത്ത് എത്തുന്നത്. ഉപരോധം പ്രഖ്യാപിച്ചതിന് ശേഷം രജിസ്‌ട്രേഷനില്ലാത്ത “ഷാഡോ ടാങ്കറുകള്‍” വഴിയും എണ്ണ ഇറക്കുമതി തുടരുകയാണ്. പ്രത്യേകിച്ച്, പഞ്ചാബിലെ ഭട്ടിന്‍ഡയിലെ എച്ച്പിസിഎല്‍-മിത്തല്‍ എനര്‍ജി ലിമിറ്റഡ് റിഫൈനറിയിലേക്കുള്ള എണ്ണയെത്തിക്കുന്ന പ്രധാന വഴിയാണ് അദാനിയുടെ മുന്ദ്ര തുറമുഖം. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും ഇതേ തുറമുഖം ഉപയോഗിക്കുന്നു.
ഇന്ത്യ സാധാരണയായി ഐക്യരാഷ്ട്രസഭയുടെ ഉപരോധങ്ങളേ മാത്രം അംഗീകരിക്കാറുള്ളു; ഏതെങ്കിലും രാജ്യത്തിന്റേതായ ഏകപക്ഷീയമായ ഉപരോധങ്ങള്‍ ഇന്ത്യ പാലിക്കാറില്ല. അതിനാല്‍ മറ്റു തുറമുഖങ്ങളില്‍ ഇത്തരം കപ്പലുകള്‍ക്ക് തടസ്സമില്ല. എന്നാൽ, അമേരിക്കയിൽ അദാനി ഗ്രൂപ്പിനെതിരേ നടക്കുന്ന കേസുകളും, അതിൽ നിന്ന് മോചനം നേടാനുള്ള ശ്രമങ്ങളും കണക്കിലെടുത്താണ് പുതിയ നടപടി.