അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ച്വറിനേടിയ ആദ്യ മലയാളി; സി പി റിസ്വാന്‍ വിരമിച്ചു

ദുബായ്: യുഎഇ ദേശീയ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനും മലയാളിയുമായ സിപി റിസ്വാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചു. യുഎഇ ദേശീയ ടീമിനുവേണ്ടി സെഞ്ച്വറിനേടിയതോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ച്വറിനേടുന്ന ആദ്യ മലയാളിയാണ് സിപി റിസ്വാന്‍. 2019 മുതല്‍ യുഎഇ ദേശീയ ടീമിന്റെ ഭാഗമായിരുന്നു റിസ്വാന്‍ തലശ്ശേരി സ്വദേശിയാണ്. ഓസ്‌ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പില്‍ റിസ്വാന്‍ യുഎഇ ടീമിന്റെ താരമായിരുന്നു. 2014ല്‍ ജോലിക്കായി യുഎഇയിലെത്തിയ റിസ്വാന്‍ ആഭ്യന്തര മത്സരങ്ങളിലെ പ്രകടന മികവില്‍ ദേശീയ ടീമിന്റെ അംഗമാവുകയും മുന്‍നിര ബാറ്ററും ലെഗ് സ്പിന്നറുമായി ചരിത്രമെഴുതി. 2020ല്‍ അയര്‍ലന്‍ഡിനെതിരെ നടന്ന ഏകദിന മത്സരത്തില്‍ ആദ്യമായി രാജ്യാന്തര സെഞ്ച്വറിയും നേടി. 29 ഏകദിനങ്ങളിലായി 736 റൺസും, ഏഴ് ട്വന്റി20-യില്‍ 100 റൺസും സ്വന്തമാക്കി.
കേരളത്തിനായി അണ്ടര്‍ 17 മുതല്‍ അണ്ടര്‍ 25 തലം വരെ കളിച്ചിട്ടുണ്ട്. അണ്ടര്‍ 25 ചാംപ്യന്‍ഷിപ്പില്‍ കേരള ടീമിനെ നയിച്ചതും റിസ്വാന്‍ തന്നെയായിരുന്നു. 2011 സീസണില്‍ കേരള രഞ്ജി ടീമില്‍ അംഗമായി. വിജയ് ഹസാരെ ടൂര്‍ണമെന്റിലും പങ്കെടുത്തു. തലശ്ശേരി സ്വദേശി അബ്ദുറൗഫിന്റെയും നസ്രീന്‍ റൗഫിന്റെയും മകനാണ്. ഫാത്തിമ അനസാണ് ഭാര്യ.