അന്താരാഷ്ട്ര ജനാധിപത്യ ദിനം നമ്മെ ഓർമ്മപ്പെടുത്തുന്നത്

ജനാധിപത്യം അത് ഭരണരീതി മാത്രമല്ല, ജനങ്ങളുടെ സ്വാതന്ത്ര്യവും അവകാശങ്ങളും സംരക്ഷിക്കുന്ന ജീവിതരീതിയും കൂടിയാണ്. അഭിപ്രായസ്വാതന്ത്ര്യം, നിയമത്തിന്‍റെ മുന്നിൽ എല്ലാവർക്കും തുല്യ അവകാശം, സ്ത്രീപുരുഷ സമത്വം, ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണം തുടങ്ങിയവ എല്ലാം ജനാധിപത്യത്തിന്റെ അടിത്തറയാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമാണ് ഇന്ത്യ. ഭരണഘടനയിൽ ഉറപ്പുനൽകിയിരിക്കുന്ന അടിസ്ഥാനാവകാശങ്ങൾ രാജ്യത്തെ ജനാധിപത്യത്തിന്റെ ശക്തിയാണെന്ന് വിലയിരുത്തപ്പെടുന്നു. എന്നാൽ ഭരണകൂടത്തിന്റെ ഉത്തരവാദിത്തം, ജനങ്ങളുടെ പങ്കാളിത്തം, സാമൂഹ്യനീതി, സുതാര്യത എന്നിവ ഉറപ്പുവരുത്തുമ്പോഴാണ് ജനാധിപത്യം കൂടുതൽ ഫലപ്രദമായി നിലനിർത്താൻ കഴിയുക.
ജനങ്ങൾക്ക് വേണ്ടി, ജനങ്ങളാൽ, ജനങ്ങളുടേതായ ഭരണ സംവിധാനം – ഇതാണ് ജനാധിപത്യത്തിന്റെ ഏറ്റവും ലളിതമായ നിർവചനം. ലോകത്തിന്റെ ചരിത്രത്തിൽ ഏറ്റവും സ്ഥിരതയാർന്ന ഭരണരീതിയായി ജനാധിപത്യം മാറിയിട്ടുണ്ടെങ്കിലും, അതിനെ സംരക്ഷിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യേണ്ടത് ഇന്നും അത്യാവശ്യമാണ്. ജനാധിപത്യം എന്ന് പറയുന്നത് വെറും തെരഞ്ഞെടുപ്പുകളിൽ വോട്ട് രേഖപ്പെടുത്തുന്നതിൽ ഒതുങ്ങുന്നില്ല. സ്വാതന്ത്ര്യം, നീതി, സമത്വം, സഹിഷ്ണുത, പങ്കാളിത്തം എന്നിവയെല്ലാം അതിന്റെ അവിഭാജ്യഘടകങ്ങളാണ്. ഒരു സാധാരണ പൗരന്റെ ശബ്ദം കേൾക്കപ്പെടുകയും അവന്റെ ജീവിതത്തിൽ സ്വാധീനമുള്ള തീരുമാനങ്ങളിൽ പങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്യുന്ന സംവിധാനമാണ് ജനാധിപത്യം.
ജനാധിപത്യത്തിന് മുന്നിൽ ചെറുതല്ലാത്ത വെല്ലുവിളികൾ നേരിടുന്ന കാലഘട്ടമാണ് . ചില രാജ്യങ്ങളിൽ അധികാര കേന്ദ്രീകരണം, മാധ്യമങ്ങളുടെ സ്വാതന്ത്ര്യത്തിലേക്കുള്ള നിയന്ത്രണം, മനുഷ്യാവകാശങ്ങളുടെ ലംഘനം തുടങ്ങിയവ ഉയരുമ്പോൾ, മറ്റിടങ്ങളിൽ അഴിമതി, തെറ്റായ വിവരങ്ങളുടെ പ്രചരണം, സൈബർ ആക്രമണങ്ങൾ എന്നിവയാണ് ജനാധിപത്യത്തിന്റെ ആരോഗ്യം ക്ഷയിപ്പിക്കുന്നത്. എന്നാൽ
ജനാധിപത്യം ജീവനുള്ളത് ആകുന്നത് ജനങ്ങളുടെ പങ്കാളിത്തത്തിലൂടെയാണ്. അത് പൗരബോധത്തിന്റെ, ഉത്തരവാദിത്വത്തിന്റെ, സഹിഷ്ണുതയുടെ കൂട്ടായ്മയാണ്. അതിനാൽ അന്താരാഷ്ട്ര ജനാധിപത്യ ദിനം ആഘോഷിക്കുമ്പോൾ, അത് വെറും ആചാരപരമായ ദിനാചരണം മാത്രമാകാതെ, ജനങ്ങളുടെ ശബ്ദം കേൾക്കുന്ന, മനുഷ്യാവകാശങ്ങളെ മാനിക്കുന്ന, സമത്വവും നീതിയും ഉറപ്പാക്കുന്ന ഭരണരീതിയിലേക്ക് മുന്നേറാനുള്ള പ്രതിജ്ഞ പുതുക്കുന്ന അവസരമായിരിക്കണം. ജനാധിപത്യത്തെ വെറും രാഷ്ട്രീയ രീതിയെന്ന നിലയിൽ കാണാതെ, ദൈനംദിനജീവിതത്തിൽ പാലിക്കേണ്ട മൂല്യങ്ങളും ഉത്തരവാദിത്തങ്ങളും ആയി സമീപിക്കണമെന്നതാണ്. വിദ്യാലയങ്ങളിൽ, സാമൂഹിക സംഘടനകളിൽ, ഭരണ സംവിധാനത്തിൽ എല്ലായിടത്തും ജനാധിപത്യ ബോധം വളർത്തി ശക്തിപ്പെടുത്തുക എന്നതാണ് ഇന്നത്തെ തലമുറയ്ക്കുള്ള വലിയ ചുമതല. അന്താരാഷ്ട്ര ജനാധിപത്യ ദിനം ഓർമ്മപ്പെടുത്തുന്നതും അത് തന്നെയാണ്.