അഫ്ഗാനിസ്ഥാനില്‍ വീണ്ടും ഭൂചലനം; മരണ സംഖ്യ 1400 കടന്നു

കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഇന്നലെയും ഭൂചലനമുണ്ടായതായി റിപ്പോർട്ട്. അഫ്ഗാനിസ്ഥാന്റെ തെക്കുകിഴക്കൻ പ്രദേശത്തുണ്ടായ ഭൂചലനം റിക്ടർ സ്‌കെയിൽ 5.2 തീവ്രത രേഖപ്പെടുത്തി. കഴിഞ്ഞ ദിവസത്തെ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമായിരുന്ന ജലാലാബാദിൽ നിന്നും 34 കിലോ മീറ്റർ മാറിയാണ് ഇന്നലെ ഭൂചലനമുണ്ടായത്. വൈകുന്നേരം അഞ്ച് മണിയോടെ ഉണ്ടായ ഭൂചലനത്തിൽ പത്തുകിലോമീറ്റര്‍ ആഴത്തില്‍ പ്രകമ്പനം അനുഭവപ്പെട്ടതായി യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. .
രക്ഷാപ്രവർത്തനം തുടരുന്നതായി താലിബാൻ വക്താവ് അറിയിച്ചു. രണ്ടു ദിവസം മുമ്പാണ് അഫ്ഗാനിസ്ഥാനിലെ കുനാർ പ്രവിശ്യയിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. ഇതിൽ 1400 ലധികം പേർ മരിച്ചതായും 3000ത്തിലധികം പേർക്ക് പരിക്കേറ്റെന്നുമാണ് വിവരം. ഇതിനോടകം 8,000 വീടുകള്‍ തകര്‍ന്നു. നിരവധിപേരെ ഇനിയും കണ്ടെത്താനുണ്ട്. നൂർഗൽ, സാവ്കെ, വാതപൂർ, മനോഗി, ചാപ്പ ദാര ജില്ലകളിൽ കനത്ത നാശനഷ്ടമാണ് ഇതോടെ ഉണ്ടായത്. അതേസമയം 2023 ഒക്ടോബറിൽ അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂചലനത്തിൽ ആയിരത്തിലധികം ആളുകളാണ് മരിച്ചത്.