അഫ്‌ഗാനിസ്ഥാനിൽ സേവനങ്ങൾക്ക് സമ്പൂർണ നിരോധനം ഏർപ്പെടുത്തി താലിബാൻ

കാബൂൾ: അഫ്‌ഗാനിസ്ഥാനിൽ ഇൻ്റർനെറ്റ് സേവനങ്ങൾക്ക് താലിബാൻ സമ്പൂർണ വിലക്ക് ഏർപ്പെടുത്തി. ഇൻ്റർനെറ്റ് അധാർമികമാണെന്ന വ്യാഖ്യാനമാണ് താലിബാൻ നടപടി വിശദീകരിക്കാൻ മുന്നോട്ടുവച്ചത്. ഇതോടെ രാജ്യത്തെ മൊബൈൽ ഫോൺ ബന്ധവും വിമാന സർവീസുകളും അടക്കം പൂർണമായി നിലച്ചിരിക്കുകയാണ്. രാജ്യത്ത് സമ്പൂർണ ഇൻ്റർനെറ്റ് തടസ്സം നിലനിൽക്കുന്നുവെന്ന വിവരം ഇൻ്റർനെറ്റ് നിരീക്ഷണ ഏജൻസിയായ നെറ്റ്ബ്ലോക്‌സ് പുറത്തുവിട്ടതായി ബിബിസി റിപ്പോർട്ട് ചെയ്തു.
തലസ്ഥാനമായ കാബൂളിലെ ഓഫീസുകളുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി അന്താരാഷ്ട്ര വാർത്താ ഏജൻസികൾ അറിയിച്ചു. 2021-ൽ അധികാരം പിടിച്ചെടുത്തതിന് ശേഷമുള്ള നിരവധി നിയന്ത്രണ നടപടികളുടെ ഭാഗമായാണ് ഈ വിലക്കും നടപ്പിലാക്കിയിരിക്കുന്നത്. കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നത് വരെ ടെലികോം ഷട്ട്ഡൗൺ തുടരുമെന്ന് താലിബാൻ ഉദ്യോഗസ്ഥർ പറഞ്ഞതായി ബിബിസി റിപ്പോർട്ടിൽ പറയുന്നു. അതേസമയം, കാബൂൾ വിമാനത്താവളത്തിലെ വിമാന സർവീസുകളും തടസ്സപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.