അഫ്‌ഗാൻ അതിർത്തിയിൽ ചാവേർ ബോംബ് സ്ഫോടനം; 7 പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടു
ഇസ്ലാമാബാദ്: അഫ്‌ഗാൻ അതിർത്തിയിൽ ചാവേർ ബോംബാക്രമണം. ഏഴ് പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടു. തെഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാനാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. പാകിസ്ഥാനും അഫ്‌ഗാനിസ്ഥാനും തമ്മിലുള്ള സംഘർഷം സമാധാനത്തിലേക്ക് നീങ്ങുന്നതിനിടെയാണ് വീണ്ടും ആക്രമണമുണ്ടായത്.
വടക്കൻ വാരിസ്ഥാനിലെ പാക് സൈനിക ക്യാപിനോട് ചേർന്നാണ് ഇന്ന് ആക്രമണമുണ്ടായത്. ഇതിൽ 13 സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം സൈനിക ക്യാംപിലേക്ക് ഭീകരൻ ഓടിച്ചുകയറ്റിയെന്നാണ് സൈനിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേർസ് റിപ്പോർട്ട് ചെയ്യുന്നത്.
ബജൗറിലെ മാമുണ്ട് തൻഗി ഷാ പ്രദേശത്തും റോഡരികിൽ നിർത്തിയിട്ടിരുന്ന സ്ഫോടകവസ്തുക്കൾ നിറച്ച വാഹനത്തിൽ നിന്ന് ശക്തമായ സ്ഫോടനം ഉണ്ടായതായി റിപ്പോർട്ടുണ്ട്. ആളപായമൊന്നും സ്ഥിരീകരിച്ചിട്ടില്ല.

