അമേരിക്ക-ചൈന വ്യാപാരക്കരാറിന് രൂപരേഖയായി; ട്രംപ് അടുത്തയാഴ്ച ഷി ജിന്‍ പിങ്ങുമായി കൂടിക്കാഴ്ച നടത്തും
വാഷിങ്ടണ്‍: അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരക്കരാറിന് രൂപരേഖയായി. ചൈനയുടെ പ്രതിനിധിയായ ലിചെങ്ഗാങ് ആണ് ആസിയാന്‍ ഉച്ചകോടിക്കിടെ ഇക്കാര്യം വ്യക്തമാക്കിയത്. തര്‍ക്കവിഷയങ്ങളില്‍ യുഎസും ചൈനയും തമ്മില്‍ പ്രാഥമിക ധാരണയായെന്നാണ് ലി പറഞ്ഞത്. കരാറിന് വഴിയൊരുങ്ങിയതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പറഞ്ഞു.
ചൈനയ്ക്കു മേല്‍ യുഎസ് ചുമത്തിയ 100 ശതമാനം തീരുവ ഒഴിവാകുമെന്നും യുഎസില്‍ നിന്നുള്ള സോയാബീന്‍ ഇറക്കുമതി ചൈന പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസ്സന്റ് പറഞ്ഞു.ഏഷ്യന്‍ രാജ്യ സന്ദര്‍ശനത്തിന്റെ ഭാഗമായി ട്രംപ് അടുത്തയാഴ്ച ഷി ജിന്‍ പിങ്ങുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. ഒക്ടോബര്‍ 30നായിരിക്കും കൂടിക്കാഴ്ചയെന്നാണ് പുറത്തുവരുന്ന വിവരം.
ചൈനയ്ക്ക് മേല്‍ താരിഫ് 150 ശതമാനം വരെ ഉയര്‍ത്തുമെന്ന് ട്രംപ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതിനോട് തങ്ങള്‍ പ്രതികരിക്കുമെന്നായിരുന്നു ചൈനയുടെ പ്രതികരണം. കൂടിക്കാഴ്ചയോടെ വ്യാപാര പ്രശ്നങ്ങളിലും പരസ്പര തര്‍ക്കങ്ങളിലും എന്തെങ്കിലും മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ലോകം. 2019ന് ശേഷം ട്രംപും ഷീയും തമ്മിലുള്ള ആദ്യത്തെ നേരിട്ടുള്ള കൂടിക്കാഴ്ചയായിരിക്കും ഇത്. 2019ല്‍ ജപ്പാനില്‍ നടന്ന ജി 20 ഉച്ചകോടിയിലാണ് ഇരുവരും അവസാനമായി കണ്ടിരുന്നത്.

