അരൂർ-തുറവൂർ ഫ്ലൈഓവർ ദുരന്തം: ഗർഡർ തകർന്നുവീണ് ഡ്രൈവർ മരിച്ചു; നിർമാണ കമ്പനിക്കെതിരെ കേസ്
ആലപ്പുഴ: അരൂർ-തുറവൂർ ഫ്ലൈ ഓവർ നിർമാണ മേഖലയിൽ ഗർഡർ തകർന്നുവീണ് ഡ്രൈവർ മരിച്ച സംഭവത്തിൽ നിർമാണ കമ്പനിയിക്കെതിരെ പോലീസ് കേസ് എടുത്തു. ആവശ്യമായ സുരക്ഷ ഒരുക്കാതിരിക്കുകയും ഗതാഗത നിയന്ത്രണം ഏർപ്പെടുത്താതിരിക്കുകയും ചെയ്തതായാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
ഇന്ന് പുലർച്ചെയായിരുന്നു സംഭവം. പിക്കപ്പ് വാനിൻ്റെ മുകളിൽ ഗർഡർ തകർന്നുവീഴുകയായിരുന്നു. ഇതിൽ പള്ളിപ്പാട് സ്വദേശി രാജേഷ് (ഡ്രൈവർ) സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. പ്രദേശത്ത് ഇത്തരം അപകടങ്ങൾ ആവർത്തിച്ച് നടക്കുന്നുവെന്നും അധികൃതർ യാതൊരു നടപടിയും സ്വീകരിക്കാറില്ലെന്നും നാട്ടുകാർ ആരോപിച്ചു.
ജാക്കി തെറ്റി മാറിയതാണ് ഗർഡർ നിലംപതിക്കാൻ കാരണമെന്നാണ് സ്ഥല എംഎൽഎ ദലീമയുടെ വിശദീകരണം.
അപകടത്തെ തുടർന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പിഡബ്ല്യുഡി സെക്രട്ടറിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. മന്ത്രിയുടെ നിർദേശപ്രകാരം സെക്രട്ടറി ദേശീയപാത അതോറിറ്റിയോട് വിശദീകരണം തേടും.

