ആന്ധ്രാപ്രദേശിൽ സ്വകാര്യ ബസും ടിപ്പറും കൂട്ടിയിടിച്ച് തീപിടിച്ചു; 14 പേർക്ക് ദാരുണാന്ത്യം
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ സ്വകാര്യ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് 14 പേർ മരിച്ചു. തെലങ്കാനയിലെ നിർമലിൽ നിന്ന് നെല്ലൂരിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.
അപകടത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. കൂട്ടിയിടിയെ തുടർന്ന് ബസിന് തീപിടിച്ചതാണ് ദുരന്തം വഷളാക്കിയത്. പരിക്കേറ്റ 20ഓളം യാത്രക്കാരെ സമീപ ആശുപത്രികളിലേക്ക് മാറ്റി ചികിത്സ നൽകുന്നു.
സംഭവത്തിൽ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നടുക്കം രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കാൻ ഉദ്യോഗസ്ഥരുമായി സംസാരിച്ചും സ്ഥിതിഗതികൾ വിലയിരുത്തിയും അദ്ദേഹം ഇടപെട്ടു. സംഭവത്തിൽ സംസ്ഥാന സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
രാവിലെ ആറുമണിയോടെയാണ് അപകടമുണ്ടായത്. സംഭവത്തിന്റെ വിശദാംശങ്ങൾ ശേഖരിക്കുന്ന നടപടികൾ തുടരുകയാണെന്ന് ജില്ലാ പൊലീസ് അറിയിച്ചു.

