ആരോഗ്യ മേഖലയിൽ മാറ്റത്തിന് പുതിയ ചുവടുവെപ്പുമായി യു എ ഇ

ദുബൈ: ആരോഗ്യ മേഖലയിൽ പുതിയ മാറ്റത്തിനൊരുങ്ങി യു എ ഇ. അടിയന്തര സാഹചര്യങ്ങളിൽ രോഗികളെ അതിവേഗം ഹോസ്പിറ്റലിൽ എത്തിക്കാൻ ആശുപത്രികളിൽ എയർ ടാക്സികൾ ഇറങ്ങാൻ വേണ്ടി വെർട്ടിപോർട്ട് സ്ഥാപിക്കും. ക്ലീവ്ലാൻഡ് ക്ലിനിക് അബുദാബിയും ആർച്ചർ ഏവിയേഷൻ ഇൻകോർപ്പറേറ്റഡുമായി സഹകരിച്ച് ആണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്.
അടിയന്തര ഘട്ടങ്ങളിൽ റോഡിലൂടെ രോഗിയെ ആശുപത്രിയിലേക്ക് കൊണ്ട് വരുന്നതിന് മണിക്കൂറുകൾ വേണ്ടി വരും. എന്നാൽ ഹെലിപാഡ് സംവിധാനം ഉള്ള ഹോസ്പിറ്റലുകളിൽ മിനിറ്റുകൾl കൊണ്ട് രോഗിയെ എത്തിക്കാൻ സാധിക്കും. മാത്രവുമല്ല, അടിയന്തര സാഹചര്യങ്ങളിൽ അവയവങ്ങൾ വേഗത്തിൽ എത്തിക്കാനും ഈ സൗകര്യം ഉപയോഗപ്പെടുത്താം.
ഇതിനായി 4 പേർക്ക് സഞ്ചരിക്കാൻ കഴിയുന്ന പ്രത്യേക തരത്തിൽ ആർച്ചറിന്റെ ‘മിഡ്നൈറ്റ്’ എന്ന ഇലക്ട്രിക് വിമാനങ്ങളാണ് നിർമ്മിക്കുന്നത്.
സാധാരണ ഹെലികോപ്റ്ററിനെ പോലെ വലിയ ശബ്ദമുണ്ടാക്കുന്നവയല്ല ഈ എയർ ടാക്സികൾ എന്ന പ്രത്യേകതയുമുണ്ട്. പദ്ധതി ഉടൻ തന്നെ നടപ്പിലാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.