ആരോഗ്യ മേഖലയ്ക്ക് ചരിത്രനിമിഷം; കാസർകോട് ഗവ. മെഡിക്കൽ കോളേജിലെ ആദ്യ എംബിബിഎസ് ബാച്ചിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിച്ചു.

കാസർകോട്: കാസർകോട് ഗവ. മെഡിക്കൽ കോളേജിൽ എംബിബിഎസ് കോഴ്‌സ് ഉദ്ഘാടനം ആരോഗ്യം, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്ജ് നിർവഹിച്ചു. കാസർകോടിന്‍റെ ആരോഗ്യ മേഖലയ്ക്ക് ഇത് ചരിത്ര നിമിഷമാണെന്നും കാസർകോട് എന്താ കേരളത്തിൽ അല്ലേ? ഇവിടെ എന്ന് മെഡിക്കൽ കോളജ് സാധ്യമാകും? കേരളത്തിലെ ആരോഗ്യ മേഖല ഇനി എങ്ങനെ മുന്നോട്ട്? തുടങ്ങി കാലങ്ങളായി കാസർകോട് നിന്ന് കേട്ട ചോദ്യങ്ങൾക്കും ആശങ്കകൾക്കും ഉള്ള ഉത്തരം കൂടിയാണ് ഈ മുഹൂർത്തമെന്ന് മന്ത്രി പറഞ്ഞു. 2016 ൽ നിർമ്മാണം തുടങ്ങിയപ്പോൾ മുതൽ പ്രവർത്തനത്തിന്‍റെ ഭാഗമായ മുഴുവൻ ആളുകളോടും മന്ത്രി നന്ദി രേഖപ്പെടുത്തി.
കാസർകോട് സർക്കാർ മെഡിക്കൽ കോളജ് ആശുപത്രി നാല് മാസത്തിനുള്ളിൽ ആരംഭിക്കും. സർക്കാർ മെഡിക്കൽ കോളേജിൽ എൻഡോസൾഫാൻ ദുരിത ബാധിതർക്ക് വേണ്ടി ഫിസിയോ തെറാപ്പി, ഒക്കുപേഷണൽ തെറാപ്പി സൗകര്യങ്ങൾ കൂടി കേരളത്തിൽ മികച്ച സ്പെഷ്യാലിറ്റി സെന്‍റർ തുടങ്ങുമെന്നും മന്ത്രി അറിയിച്ചു. കാസർകോട്, വയനാട് സർക്കാർ മെഡിക്കൽ കോളേജുകൾ കൂടി അനുവദിച്ചതോടെ മുഴുവൻ ജില്ലകളിലും മെഡിക്കൽ കോളേജുകളും നേഴ്സിങ് കോളേജുകളുമുള്ള സംസ്ഥാനമായി കേരളം മാറി. നാഷണൽ മെഡിക്കൽ കമ്മിഷൻ അംഗീകാരം ലഭിക്കാൻ മാനദണ്ഡങ്ങൾ ഓരോന്നും പാലിച്ച് മുന്നേറുക എന്നത് വെല്ലുവിളി നിറഞ്ഞതായിരുന്നു. അത് കൂട്ടായ പ്രവർത്തനത്തിലൂടെ സാധിച്ചു. മന്ത്രി വീണ ജോർജ് കൂട്ടിച്ചേർത്തു.