ഇനി യുപിഐ എടിഎമ്മിന് സമാനം; 10000 രൂപ വരെ പണമായി പിന്‍വലിക്കാനുള്ള പദ്ധതിക്ക് അംഗീകാരം

20ലക്ഷത്തിലധികം വരുന്ന ബിസിനസ് കറസ്‌പോണ്ടന്റുകളെ പ്രയോജനപ്പെടുത്തി രാജ്യ വ്യാപകമായി യുപിഐ വഴി 10000 രൂപ വരെ പണമായി പിന്‍വലിക്കാനുള്ള പദ്ധതിക്ക് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ രൂപം നല്‍കിയതായി റിപ്പോര്‍ട്ടുകള്‍. അതിനാൽ ഭാവിയില്‍ യുപിഐ ഒരു എടിഎം പോലെ ഉപയോഗിക്കാന്‍ കഴിയും. ക്യൂആര്‍ കോഡ് അടിസ്ഥാനമാക്കി യുപിഐ വഴി പണം പിൻവലിക്കാൻ നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ റിസര്‍വ് ബാങ്കിനെ സമീപിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. റിസേർവ് ബാങ്കിന്റെ അനുമതി ലഭിച്ചാല്‍, ഇന്ത്യക്കാര്‍ക്ക് പണം ആക്സസ് ചെയ്യുന്ന രീതി കൂടുതല്‍ എളുപ്പമാകും.
ഏതൊരു വ്യക്തിക്കും അവരുടെ ഇഷ്ടപ്പെട്ട യുപിഐ ആപ്പ് തുറന്ന് ഇടപാട് നടത്താന്‍ കഴിയുന്ന വിധമാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ബാങ്കിങ് കറസ്പോണ്ടന്റ് നല്‍കുന്ന ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പേയ്മെന്റിന് അംഗീകാരം ലഭിക്കുന്നതോടെ പണം കൈയില്‍ കിട്ടുന്ന രീതിയിലാണ് പദ്ധതി. ഉടന്‍ തന്നെ ഉപയോക്താവിന്റെ അക്കൗണ്ടില്‍ നിന്ന് പണം ഡെബിറ്റ് ചെയ്യും. ചില എടിഎമ്മുകളും തെരഞ്ഞെടുക്കപ്പെട്ട വ്യാപാരികളും മാത്രമാണ് യുപിഐ അടിസ്ഥാനമാക്കിയുള്ള പിന്‍വലിക്കലുകള്‍ നിലവിൽ വാഗ്ദാനം ചെയ്യുന്നത്. 1,000 രൂപ നഗരങ്ങളിലെ ഇടപാടിനും ഗ്രാമപ്രദേശങ്ങളില്‍ 2,000 രൂപയുമാണ് നിലവിലെ പരിധി. എന്നാൽ ബിസിനസ് കറസ്പോണ്ടന്റുകള്‍ ഓരോ ഇടപാടിനും 10,000 രൂപ വരെ വിതരണം ചെയ്യാന്‍ കഴിയും. അതേ സമയം യുപിഐ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് അപകടസാധ്യതകള്‍ ഉണ്ടാകാമെന്ന് വ്യവസായ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ബിസിനസ് കറസ്പോണ്ടന്റുകളില്‍ നിന്ന് പണം പിന്‍വലിക്കാന്‍ യുപിഐ ഉപയോഗിക്കുമ്പോഴാണ് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത. ക്യുആര്‍ അടിസ്ഥാനമാക്കിയുള്ള പിന്‍വലിക്കലുകളുടെ ഉപയോഗം എളുപ്പമാക്കുന്നത് തട്ടിപ്പുകാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കിയേക്കാമെന്ന ആശങ്കയും ഉയർന്നു വരുന്നുണ്ട്.