ഇന്ത്യയുടെ അന്തസ്സ് കാത്തുസൂക്ഷിക്കും: ട്രംപിന്റെ താരിഫ് ഭീഷണിക്ക് പുടിന്റെ മറുപടി

മോസ്‌കോ: താരിഫ് നിരക്കുമായി ബന്ധപ്പെട്ട് ഇന്ത്യക്കെതിരെ സമ്മർദം ചെലുത്തുന്ന അമേരിക്കൻ നിലപാടിനെ വിമർശിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ. ഒരു പരമാധികാര രാഷ്ട്രമെന്ന നിലയിൽ ഇന്ത്യയുടെ അന്തസ്സിനെ സംരക്ഷിക്കുമെന്ന് പുടിൻ ഉറപ്പ് നൽകി.
യുഎസ് നടപടികൾ മൂലം ഇന്ത്യ നേരിടുന്ന നഷ്ടം, റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതിയിലൂടെ പരിഹരിക്കാമെന്നും പുടിൻ വ്യക്തമാക്കി. ദക്ഷിണ റഷ്യയിലെ സോച്ചിയിൽ നടന്ന വാൽഡായ് അന്താരാഷ്ട്ര കൂടിക്കാഴ്ചയിൽ സംസാരിക്കവെയാണ് പുടിന്റെ പ്രതികരണം.
അമേരിക്ക ഉയർത്തുന്ന താരിഫ് ഭീഷണി ഒടുവിൽ അവർക്കുതന്നെ തിരിച്ചടിയാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. റഷ്യൻ ഊർജവിതരണം തടസ്സപ്പെട്ടാൽ ആഗോള സമ്പദ്‌വ്യവസ്ഥ കനത്ത ആഘാതം നേരിടുമെന്നും, എണ്ണവില ബാരലിന് 100 ഡോളറിന് മുകളിലേക്ക് ഉയരുമെന്നും, പലിശനിരക്ക് ഉയർന്ന നിലയിൽ നിർത്താനുള്ള സാമ്മർദം യുഎസ് ഫെഡറൽ റിസർവിന് ഉണ്ടാകുമെന്നും പുടിൻ ചൂണ്ടിക്കാട്ടി.
“ഇന്ത്യയെ ലോകത്തിന് മുന്നിൽ അപമാനിക്കാനുള്ള ശ്രമങ്ങൾ റഷ്യ ഒരിക്കലും അംഗീകരിക്കില്ല. സോവിയറ്റ് കാലഘട്ടം മുതൽ റഷ്യ-ഇന്ത്യ ബന്ധങ്ങൾക്ക് പ്രത്യേകതയുണ്ട്. സ്വാതന്ത്ര്യസമരകാലത്തുതൊട്ടുതന്നെ ആ ബന്ധം ശക്തമായിരുന്നു. ഇന്ത്യ അത് വിലമതിക്കുന്നതിൽ ഞങ്ങൾ നന്ദിയുള്ളവരാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി സുഹൃത്തും ലക്ഷ്യബോധമുള്ള നേതാവുമാണ്,” – പുടിൻ വ്യക്തമാക്കി.
യുക്രൈൻ യുദ്ധത്തിന് ധനസഹായം തടയുന്നതിന്റെ ഭാഗമായി റഷ്യൻ എണ്ണ വാങ്ങൽ നിർത്തണമെന്ന് യൂറോപ്പ്, ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളോട് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പുടിന്റെ കടുത്ത പ്രതികരണം.