ഇന്ത്യാ സന്ദർശനത്തിനൊരുങ്ങി താലിബാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖി

അഫ്ഗാൻ വിദേശകാര്യ മന്ത്രിയും താലിബാൻ നേതാവുമായ ആമിർ ഖാൻ മുത്തഖി അടുത്ത ആഴ്ച ഇന്ത്യ സന്ദർശിക്കുമെന്ന് റിപ്പോർട്ട്.
2021 ഓഗസ്റ്റിൽ താലിബാൻ അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുത്തതിനുശേഷം കാബൂളിൽ നിന്ന് ഡൽഹിയിലേക്കുള്ള ആദ്യത്തെ ഉന്നതതല സന്ദർശനമാണിത്. ഒക്ടോബർ 6 മുതൽ 16 വരെയുള്ള തീയതികൾക്കിടയിൽ മൂന്ന് ദിവസമാണ് ഇന്ത്യയിലെത്തുക എന്നാണ്റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അന്താരാഷ്ട്ര യാത്രാ നിയന്ത്രണങ്ങളിൽ നിന്ന് ആമിർ ഖാൻ മുത്തഖിയ്ക്ക് താൽക്കാലിക ഇളവ് അനുവദിച്ചതായി ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ സ്ഥിരീകരിച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. . വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി മേയ് മാസത്തിൽ ഇദ്ദേഹം സംഭാഷണം നടത്തിയിരുന്നു. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയുമായി ജനുവരിയിൽ ദുബായിൽ കൂടിക്കാഴ്ച നടത്തുകയും ചെയ്തിട്ടുണ്ട്. താലിബാൻ സർക്കാരുമായി നേരിട്ട് ഇടപഴകുന്നത് അഫ്ഗാനിസ്ഥാനിലെ ദീർഘകാല താൽപ്പര്യങ്ങൾ സുരക്ഷിതമാക്കാനും, മേഖലയിൽ നിന്ന് ഉയർന്നുവരുന്ന ഭീകര ഭീഷണികൾ തടയാനും ഈ സന്ദർശനം ഗുണകരമാകുമെന്ന റിപ്പോർട്ടും പുറത്തുവരുന്നുണ്ട്.