ഇന്ത്യ – ചൈന വിമാന സർവീസ് ഈ മാസം പുനരാരംഭിക്കും: ധാരണയായെന്ന് വിദേശകാര്യ മന്ത്രാലയം

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന നേരിട്ടുള്ള വിമാന സര്‍വ്വീസുകള്‍ പുനഃസ്ഥാപിക്കാനൊരുങ്ങുന്നു. ഈ മാസം അവസാനത്തോടെ സര്‍വ്വീസുകള്‍ പുനഃസ്ഥാപിക്കുമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കോവിഡ് മഹാമാരിയെ തുടർന്ന് നിർത്തിവച്ച സർവീസുകളാണ് പുനരാരംഭിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റില്‍ ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇക്കാര്യത്തിൽ അനുകൂല നിലപാടെടുത്തിരുന്നു.
വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനെക്കുറിച്ചും പുതുക്കിയ വ്യോമ സേവന കരാറിനെക്കുറിച്ചും ഈ വര്‍ഷം തുടക്കംമുതല്‍ ഇരു രാജ്യങ്ങളുടെയും സിവില്‍ ഏവിയേഷന്‍ അധികാരികള്‍ ചര്‍ച്ച നടത്തിയിരുന്നു. അഞ്ചു വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയില്‍ നിന്നും ചൈനയിലേക്കും തിരിച്ചും നേരിട്ടുള്ള വിമാനസര്‍വ്വീസ് പുനഃസ്ഥാപിക്കുന്നത്. 2025 ഒക്ടോബര്‍ അവസാനത്തോടെ പുനരാരംഭിക്കാന്‍ കഴിയുമെന്ന് ധാരണയായിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. വിന്റര്‍ ഷെഡ്യൂളായാണ് സര്‍വ്വീസുകള്‍ പുനഃസ്ഥാപിക്കുക.