ഇന്ത്യ ഹോങ്കോങ് ഫുട്ബോൾ മാച്ച്; കലൂർ സ്റ്റേഡിയത്തിനായി പണം അടച്ച് കെഎഫ്എ
കൊച്ചി: ഇന്ത്യ–ഹോങ്കോങ് ഫുട്ബോൾ മത്സരത്തിനായി കലൂർ സ്റ്റേഡിയം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ പരിഹാരം. ജിസിഡിഎ ആവശ്യപ്പെട്ട മൂന്ന് ലക്ഷം രൂപ സ്റ്റേഡിയം വാടകയായി കേരള ഫുട്ബോൾ അസോസിയേഷൻ അടച്ചു. കൂടാതെ 25 ലക്ഷം രൂപ സുരക്ഷാ നിക്ഷേപം തിങ്കളാഴ്ച നൽകാമെന്ന് സത്യവാങ്മൂലം സമർപ്പിച്ചതോടെ മത്സരവുമായി ബന്ധപ്പെട്ട പ്രതിസന്ധി നീങ്ങി.
സ്റ്റേഡിയം വിട്ടുനൽകുന്നതിൽ ജിസിഡിഎ കടുത്ത നിലപാടായിരുന്നു സ്വീകരിച്ചത്. കുടിശിക തുക അടച്ചില്ലെങ്കിൽ സ്റ്റേഡിയം തുറന്ന് നൽകില്ലെന്നും കരാറിൽ ഒപ്പിടണമെന്നും ജിസിഡിഎ ആവശ്യപ്പെട്ടിരുന്നു.
ഇതിന് മുൻപ് പ്രശ്നം രൂക്ഷമായപ്പോൾ സ്റ്റേഡിയത്തിലെ ഓഫീസ് പൂട്ടുകയും പ്രതിനിധികളെ പുറത്താക്കുകയും ചെയ്തിരുന്നു. പരിശീലകനും താരങ്ങളും എത്തിയിട്ടും പത്രസമ്മേളനം നടത്താൻ കഴിയാതെ പരിപാടി മാറ്റേണ്ട സാഹചര്യം ഉണ്ടായതോടെ വിഷയം കൂടുതൽ വഷളായിരുന്നു. ഇപ്പോൾ തുക അടച്ചതോടെ എല്ലാ തടസ്സങ്ങളും മാറി മത്സരം നടത്താനുള്ള വഴിയൊരുങ്ങി.

