ഇഫ്‌ളുവിൽ പലസ്തീൻ അനുകൂല റാലി സംഘടിപ്പിച്ച് വിദ്യാർത്ഥികൾ; എതിര്‍പ്പുമായി എബിവിപി; സംഘർഷം

ഹൈദരാബാദ്: ഇംഗ്ലീഷ് ആൻഡ് ഫോറിന്‍ ലാംഗ്വേജ് സര്‍വകലാശാല (ഇഫ്‌ളു)യില്‍ നടന്ന പലസ്തീന്‍ അനുകൂല റാലിയെ തുടര്‍ന്ന് സംഘര്‍ഷം. വിദ്യാര്‍ത്ഥി യൂണിയന്‍ ഭാരവാഹികള്‍ സംഘടിപ്പിച്ച “ഫ്രീ പലസ്തീന്‍” റാലിക്ക് പിന്നാലെ എബിവിപി സയണിസ്റ്റ് അനുകൂല മുദ്രാവാക്യങ്ങളുമായി റാലി നടത്തിയതാണ് സംഘര്‍ഷത്തിന് വഴിവെച്ചത്. എബിവിപി പ്രവര്‍ത്തകര്‍ പലസ്തീന്‍ അനുകൂല വിദ്യാര്‍ത്ഥികളെ എന്ന് വിളിച്ചതോടെ ഇരുവിഭാഗങ്ങളും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായി.
ഇന്നലെയായിരുന്നു എസ്എഫ്‌ഐ, എന്‍എസ്‌യുഐ, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ആന്റ് തെലുങ്ക് സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ എന്നീ സംഘടനകള്‍ ഉള്‍പ്പെടുന്ന യൂണിയന്‍ ‘ഫ്രീ പലസ്തീന്‍’ മുദ്രാവാക്യം വിളിച്ച് ഐക്യദാര്‍ഢ്യം സംഘടിപ്പിച്ചത്. പരിപാടിക്ക് ഒടുവില്‍ പലസ്തീന്‍ അനുകൂലികളെ വെടിവെക്കണമെന്ന് ആഹ്വാനം ചെയ്ത് സയണിസ്റ്റ് അനുകൂല മുദ്രാവാക്യവുമായി എബിവിപി പ്രതിഷേധം സംഘടിപ്പിക്കുകയായിരുന്നു. ഈ സമയത്ത് എബിവിപി പ്രവര്‍ത്തകര്‍ പലസ്തീന്‍ പിന്തുണയുള്ള പോസ്റ്ററുകള്‍ കീറിക്കളഞ്ഞതായും ആരോപണമുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് യൂണിയന്‍ ഭാരവാഹികളായ വികാസ്, ദീന, ആര്‍ദ്ര, ജോയിന്റ് സെക്രട്ടറി നൂറ മൈസൂന്‍ (ഫ്രറ്റേണിറ്റി നാഷണല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം), ഫ്രറ്റേണിറ്റി ദേശീയ സെക്രട്ടറി ഷാഹീന്‍ എന്നിവർക്കെരെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു. എബിവിപി പ്രവര്‍ത്തകരെതിരെയും പോലീസ് കേസ് എടുത്തിട്ടുണ്ട്. മുന്‍ വിദ്യാര്‍ത്ഥിയെ ഒസ്മാനിയ സര്‍വകലാശാല പൊലീസ് ചോദ്യം ചെയ്ത് മണിക്കൂറുകള്‍ക്ക് ശേഷം വിട്ടയച്ചു.