ഇസ്രയേല്‍ സൈന്യവുമായി സാങ്കേതിക സഹകരണം അവസാനിപ്പിച്ച് മൈക്രോസോഫ്റ്റ്

വാഷിങ്ടണ്‍: ഗാസയിലെ സംഘര്‍ഷത്തിനിടെ ഇസ്രയേല്‍ സൈന്യവുമായി നടത്തിയിരുന്ന നിര്‍ണായക സാങ്കേതിക സഹകരണം മൈക്രോസോഫ്റ്റ് അവസാനിപ്പിച്ചതായി റിപ്പോര്‍ട്ട്. പലസ്തീനികളെ കൂട്ടത്തോടെ നിരീക്ഷിക്കാന്‍ അവരുടെ സാങ്കേതിക വിദ്യ ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന ആരോപണങ്ങളെ തുടർന്നാണ് നടപടി. ദ ഗാര്‍ഡിയന്റെ റിപ്പോര്‍ട്ട് പ്രകാരം, മൈക്രോസോഫ്റ്റ് ഇസ്രയേല്‍ സൈന്യത്തിനുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റ സേവനങ്ങള്‍, അഷ്വര്‍ ക്ലൗഡ് പ്ലാറ്റ്‌ഫോം എന്നിവയിലേക്കുള്ള ആക്‌സസ് റദ്ദാക്കി. ഗാസയിലും വെസ്റ്റ് ബാങ്കിലുമുള്ള ലക്ഷക്കണക്കിന് പലസ്തീന്‍ സിവിലിയന്‍ കോളുകള്‍ നിരീക്ഷിക്കാന്‍ ഈ സംവിധാനങ്ങള്‍ ഉപയോഗിച്ചതായി മുന്‍പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഇസ്രയേല്‍ രഹസ്യാന്വേഷണ വിഭാഗമായ യൂണിറ്റ് 8200, മൈക്രോസോഫ്റ്റിന്റെ പ്രത്യേകമായി തയ്യാറാക്കിയ അഷ്വര്‍ ക്ലൗഡ് സേവനം ഉപയോഗിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 2021-ല്‍ മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ലയും യൂണിറ്റ് 8200 കമാന്‍ഡറായിരുന്ന യോസി സരിയേലും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് സഹകരണം ആരംഭിച്ചത്. സഹകരണത്തിന് എതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവന്നിരുന്നെങ്കിലും ഗാസ സംഘര്‍ഷത്തില്‍ മൈക്രോസോഫ്റ്റ് സാങ്കേതികവിദ്യകള്‍ നേരിട്ട് ആക്രമണങ്ങള്‍ക്കായി ഉപയോഗിച്ചെന്നതിന് തെളിവുകളില്ലെന്ന് കമ്പനി മുമ്പ് വ്യക്തമാക്കിയിരുന്നു.