ഇസ്രായേൽ ഗാസ യുദ്ധം; സമാധാന ചർച്ചയിൽ ട്രംപിന്റെ നിർദേശങ്ങളിൽ ഉപാധികളുമായി ഹമാസ്

Palestinians inspect the damage to houses destroyed during an Israeli raid, in western part of Nuseirat, central Gaza Strip, July 29, 2025. REUTERS/Hatem Khaled
കെയ്‌റോ: ഇസ്രായേൽ ഗാസ യുദ്ധത്തെ തുടർന്ന് നടക്കുന്ന സമാധാന ചർച്ചയിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടു വെച്ച നിർദേശങ്ങളിൽ ഉപാധികൾ വെച്ച് ഹമാസ്. ആറ് ഉപാധികളാണ് ഹമാസ് ഉന്നയിച്ചത്. ഇസ്രയേല്‍ സൈന്യം പൂര്‍ണമായും യുദ്ധത്തില്‍ നിന്ന് പിന്മാറണം,സ്ഥിരമായ വെടി നിർത്തൽ, ജനങ്ങളെ ഗാസയിലേക്ക് തിരിച്ചെത്താന്‍ അനുവദിക്കണം, നിയന്ത്രണങ്ങളില്ലാതെ സഹായം അനുവദിക്കണം, ഗാസയുടെ പുനർനിർമാണം, തടവുകാരുടെ കൈമാറ്റത്തിന് കൃത്യമായ കരാര്‍ തുടങ്ങിയവയാണ് ഉപാധികൾ. ഹമാസ് വക്താവ് ഫൗസി ബര്‍ഹൂമാണ് ഇക്കാര്യങ്ങൾ സമാധാന ചർച്ചയിൽ വ്യക്തമാക്കിയത്.
ആവശ്യങ്ങൾ അംഗീകരിച്ചാൽ ബന്ദികളെ മോചിപ്പിക്കുമെന്നും മറ്റ് പലസ്തീനികൾക്ക് അധികാരം കൈമാറാൻ തയ്യാറാണെന്നും ഹമാസ് നേരത്തേ തന്നെ പറഞ്ഞിട്ടുണ്ട്. അതേ സമയം ഹമാസ് ശേഷിക്കുന്ന എല്ലാ ബന്ദികളേയും തിരികെ നൽകുകയും, അധികാരം കൈമാറുകയും, നിരായുധരാകുകയും ചെയ്യുമ്പോൾ മാത്രമേ യുദ്ധം അവസാനിക്കൂ എന്നും ഇസ്രേയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.
ഖത്തറിൻ്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയിലാണ് സമാധാന ചർച്ച നടക്കുന്നത്. ആദ്യഘട്ട ചർച്ചകളിൽ ശുഭപ്രതീക്ഷ ഉണ്ടെന്നാണ് ഈജിപ്ത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ട് വച്ച ഗാസ സമാധാന പദ്ധതിയുടെ ആദ്യഘട്ട ചർച്ചയാണ് ഈജിപ്തിൽ ആരംഭിച്ചത്. ചർച്ചകൾ തുടങ്ങുന്നതിനു മുൻപേ തന്നെ ഹമാസിന് അന്ത്യശാസനവുമായി ട്രംപ് രംഗത്തെത്തിയിരുന്നു. ഗാസയുടെ മേലുള്ള അധികാരനിയന്ത്രണങ്ങൾ വിട്ടുകൊടുക്കാൻ ഹമാസ് തയ്യാറായില്ലെങ്കിൽ തുടച്ചുനീക്കുമെന്നു ട്രംപ് ഭീഷണി മുഴക്കി.