ഉപരാഷ്ട്രപതി സ്ഥാനം ആരുടെ കൈകളിൽ; തിരഞ്ഞെടുപ്പ് നാളെ
The inside view of the polling booth for the Vice-Presidential election at Parliament House, in New Delhi on August 10, 2007.
ഇന്ത്യയുടെ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നാളെ നടക്കും. ഇന്ത്യ സഖ്യ അംഗങ്ങൾക്കായി ഇന്ന് ഉച്ചയ്ക്ക് 2.30 പാർലമെന്റ് സെൻട്രൽ ഹാളിൽ തിരഞ്ഞെടുപ്പിനായുള്ള ‘മോക്ക് പോൾ’ നടത്തും. എൻഡിഎ സ്ഥാനാർഥി സി പി രാധാകൃഷ്ണനും സംയുക്ത പ്രതിപക്ഷ സ്ഥാനാർഥി ബി സുദർശൻ റെഡ്ഡിയും തമ്മിലാണ് ഉപരാഷ്ട്രപതി സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നത്. പാർലമെന്റിന്റെ ഇരു സഭകളിലെയും അംഗങ്ങൾ ഉൾപ്പെട്ട ഇലക്ട്രോറൽ കോളജിൽ എൻഡിഎയാണ് മുൻപന്തിയിൽ. എന്നാൽ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനെ പ്രത്യയശാസ്ത്ര പോരാട്ടമായിട്ടാണ് പ്രതിപക്ഷം വിശേഷിപ്പിക്കുന്നത്. നാളെ രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പോളിംഗ് വൈകുന്നേരം 5 മണിക്ക് അവസാനിക്കും. വൈകീട്ട് തന്നെ ഫലം പ്രഖ്യാപിക്കും. പാർലമെന്റ് ഹൗസിലെ പോളിംഗ് ക്രമീകരണങ്ങൾ നടത്തുക ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ റിട്ടേണിംഗ് ഓഫീസറും രാജ്യസഭ സെക്രട്ടറി ജനറലുമായ പി സി മോഡിയാണ്. ആകെ 783 എംപിമാരിൽ എൻഡിഎയ്ക്ക് 422 പേരും പ്രതിപക്ഷത്ത് 320 പേരും ആണ് നിലവിൽ ഉള്ളത്. ബിജു ജനതാദൾ, ബിആർഎസ് എന്നീ കക്ഷികൾ നിലപാട് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

