എം എം ലോറൻസിന്റെ മൃതദേഹം പഠനാവശ്യത്തിന് വിട്ടുകൊടുത്തതിൽ പുനഃപരിശോധനയില്ലെന്ന് ഹൈക്കോടതി
കൊച്ചി: മുതിർന്ന സിപിഐഎം നേതാവ് എം എം ലോറൻസിന്റെ മൃതദേഹം പഠനാവശ്യത്തിന് വിട്ടുകൊടുത്തതിൽ പുനഃപരിശോധനയില്ലെന്ന് ഹൈക്കോടതി. മക്കളായ ആശ ലോറൻസിന്റെയും സുജാത ബോബന്റെയും അപ്പീൽ തള്ളിക്കൊണ്ട് മൃതദേഹം വൈദ്യ പഠനത്തിന് വിട്ടു നൽകാൻ നേരത്തെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിരുന്നു. മൃതദേഹം ഏറ്റെടുത്ത മെഡിക്കൽ കോളജ് നടപടി ഹൈക്കോടതി ശരിവെച്ചിരുന്നു.
ലോറൻസ് ജീവിച്ചിരുന്ന സമയത്ത് മൃതദേഹം വൈദ്യപഠനത്തിന് നൽകണമെന്ന ആവശ്യം പ്രകടിപ്പിച്ചിരുന്നുവെന്ന് മകൻ സജീവൻ വ്യക്തമാക്കിയിരുന്നു. മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനൽകാനാകില്ലെന്നും മതപരമായ ചടങ്ങുകളോടെ സംസ്കരിക്കണമെന്നും ചൂണ്ടിക്കാണിച്ചാണ് മക്കളായ ആശ ലോറൻസ്, സുജാത ബോബൻ എന്നിവർ ഹൈക്കോടതിയെ സമീപിച്ചത്. വിഷയത്തിൽ മധ്യസ്ഥനെ നിയോഗിച്ച് ഹൈക്കോടതി നടത്തിയ ചർച്ചകളും വിഷയത്തിൽ സമവായമുണ്ടാക്കാനാവാതെ പരാജയപ്പെടുകയായിരുന്നു. നേരത്തെ സിംഗിൾ ബെഞ്ച് സമാനമായ വിധി പ്രസ്താവിച്ചിരുന്നു. ഇതിനെതിരെ നൽകിയ അപ്പീലാണ് ഡിവിഷൻ ബെഞ്ച് തള്ളിയത്.

