എഐ വേണ്ട, ഒർജിനൽ മതി; റേറ്റിംഗ് കുറഞ്ഞതോടെ കടുത്ത തീരുമാനങ്ങളുമായി സൊമാറ്റോ
ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പ് ആയ സൊമാറ്റോയിൽ എഐ ചിത്രങ്ങൾക്ക് വിലക്കുമായി സൊമാറ്റോ. ആപ്പിൽ ഭക്ഷണ വിഭവങ്ങൾക്ക് എഐ ചിത്രങ്ങൾ നൽകുന്നതിനെതിരെയാണ് സൊമാറ്റോയുടെ തീരുമാനം. ഈ ചിത്രങ്ങൾ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതും പറ്റിക്കുന്നതുമായി മാറുന്നുവെന്ന് സൊമാറ്റോയുടെ സിഇഒ ദീപീന്ദർ ഗോയൽ തന്റെ ട്വീറ്റിൽ വ്യക്തമാക്കി.
‘ഞങ്ങളും എഐ കാര്യമായി ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ റസ്റ്റോറന്‍റ് മെനുകളില്‍ ഡിഷുകള്‍ക്ക് എഐ ചിത്രങ്ങള്‍ ഉപയോഗിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നില്ല. ഈ വിഷയത്തെ കുറിച്ച് ഏറെ ഉപഭോക്തൃ പരാതികള്‍ ലഭിച്ചിട്ടുണ്ട്. സൊമാറ്റോയെ കുറിച്ചുള്ള വിശ്വാസം എഐ ചിത്രങ്ങള്‍ തകര്‍ക്കുന്നു എന്നാണ് അവരുടെ പരാതി. എഐ ചിത്രങ്ങളില്‍ തെറ്റിദ്ധരിക്കപ്പെട്ട് ഓര്‍ഡര്‍ ചെയ്യുന്നത് മൂലം ഏറെ പേര്‍ക്ക് പണം റീഫണ്ട് നല്‍കേണ്ടിവരുന്നു. പലരും റേറ്റിംഗ് കുറച്ച് ഇതിനാല്‍ നല്‍കുന്നു. എഐ ചിത്രങ്ങള്‍ ഡിഷുകള്‍ക്ക് ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ റസ്റ്റോറന്‍റുകളോട് അഭ്യര്‍ഥിക്കുകയാണ്. ഇത്തരം ചിത്രങ്ങള്‍ ഭക്ഷണ മെനുവില്‍ നിന്ന് നീക്കം ചെയ്യുന്നത് ഈ മാസം അവസാനത്തോടെ സൊമാറ്റോ തുടങ്ങും. എഐ ചിത്രങ്ങള്‍ ആപ്പില്‍ സ്വീകരിക്കുന്നത് അവസാനിപ്പിക്കും. ഈ നിര്‍ദേശങ്ങള്‍ ഞങ്ങളുടെ മാര്‍ക്കറ്റിംഗ് ടീമിനും ബാധകമാണ്. അവര്‍ പ്രൊമേഷനായി എഐ ചിത്രങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല എന്ന് നിര്‍ദേശിച്ചതായും’ ദീപീന്ദര്‍ ഗോയല്‍ ട്വീറ്റ് ചെയ്തു.
‘ഗ്രൂപ്പ് ഓര്‍ഡറിംഗ്’ എന്നൊരു പുതിയ ഫീച്ചര്‍ കഴിഞ്ഞ ദിവസം സൊമാറ്റോ അവതരിപ്പിച്ചിരുന്നു. ഒരിടത്തേക്ക് ഒന്നിലധികം പേര്‍ക്ക് ഒരു പാര്‍ട്ടിക്കോ പിറന്നാളാഘോഷത്തിനോ മറ്റോ ഏറെ വിഭവങ്ങള്‍ ഓര്‍ഡര്‍ ചെയ്യേണ്ടിവന്നാല്‍ ഈ സംവിധാനം അത് അനായാസമാക്കും. ഓര്‍ഡര്‍ ചെയ്യുന്നയാള്‍ ലിങ്ക് ഗ്രൂപ്പിലെ മറ്റുള്ളവര്‍ക്ക് കൈമാറിയാല്‍ എളുപ്പം ഓര്‍ഡര്‍ പൂര്‍ത്തിയാക്കാം. ഓരോരുത്തര്‍ക്കും ആ ലിങ്കില്‍ കയറി തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട വിഭവം കാര്‍ട്ടിലേക്ക് ആഡ് ചെയ്യാനാകുന്ന തരത്തിലാണിത്.