എച്ച്-1ബി വിസ പദ്ധതി പരിഷ്കരിക്കാൻ ട്രംപ് ഭരണകൂടം; നിലവിലെ ലോട്ടറി സമ്പ്രദായം നിര്‍ത്തലാക്കും, വെയ്റ്റഡ് സെലക്ഷന്‍ പ്രക്രിയ നടപ്പാക്കും

വാഷിംഗ്ടൺ: എച്ച്-1ബി വിസ പദ്ധതിയിൽ പരിഷ്‌കരണം ആലോചിക്കുന്നതായി ട്രംപ് ഭരണകൂടം. നിലവിലെ ലോട്ടറി സമ്പ്രദായം അവസാനിപ്പിച്ച്, ശമ്പളവും വൈദഗ്ധ്യവും അടിസ്ഥാനമാക്കിയ “വെയ്റ്റഡ് സെലക്ഷൻ” രീതി കൊണ്ടുവരാനാണ് നീക്കം.
പുതിയ രീതിയിൽ നാല് ശമ്പള ബാൻഡുകൾ സൃഷ്ടിക്കും. ഉയർന്ന ശമ്പളമുള്ള അപേക്ഷകർക്ക് നാലു തവണ, കുറഞ്ഞ ശമ്പളക്കാർക്ക് ഒരുതവണ മാത്രമായിരിക്കും വിസ നേടാനുള്ള അവസരം. അമേരിക്കൻ സർവകലാശാലകളിൽ പഠിക്കുന്ന വിദേശ വിദ്യാർത്ഥികൾക്കും ഇതിലൂടെ ഗുണമുണ്ടാകുമെന്ന് വിലയിരുത്തുന്നു.
അതേസമയം, എച്ച്-1ബി വിസ ഫീസ് ഒരു ലക്ഷം ഡോളറാക്കി ഉയർത്തിയ സാഹചര്യത്തിൽ, ഡോക്ടർമാർക്കും നേഴ്സുമാർക്കും ഇളവ് നൽകാൻ അമേരിക്ക ആലോചിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. ബ്ലൂബര്‍ഗ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ആരോഗ്യരംഗത്തെ ഗുരുതര പ്രതിസന്ധിയും രാജ്യ താത്പര്യവും കണക്കിലെടുത്താണ് ഈ പരിഗണന. മെഡിക്കല്‍ പ്രൊഫഷണലുകളുടെ കാര്യത്തില്‍ കടുത്ത പ്രതിസന്ധി നേരിടുന്ന രാജ്യം കൂടിയാണ് അമേരിക്ക. ആരോഗ്യമേഖലയില്‍ ഉടലെടുത്ത ആശങ്ക കൂടി കണക്കിലെടുത്താണ് യുഎസിന്‍റെ മനം മാറ്റം. ഇന്ത്യ അമേരിക്കയുടെ “നിർണായക പങ്കാളി” ആണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റുബിയോ വ്യക്തമാക്കി. വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് റുബിയോയുടെ പ്രതികരണം.