എച്ച്1ബി വിസ ഫീസ് കുത്തനെ വർധിപ്പിച്ച് യുഎസ് – ഇന്ത്യൻ ഐടി മേഖലക്ക് തിരിച്ചടി

വാഷിങ്ടൺ: ഇന്ത്യക്കാരുൾപ്പെടെയുള്ള വിദേശികളെ യുഎസിൽ ജോലി ചെയ്യാൻ അനുവദിക്കുന്ന എച്ച്1ബി വിസയ്ക്ക് വൻ ഫീസ് വർധന. വിസാ ഫീസ് 1 ലക്ഷം യുഎസ് ഡോളർ (ഏകദേശം 83 ലക്ഷം രൂപ) ആക്കി ഉയർത്തുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു.
വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് പ്രതികരിച്ച ട്രംപ്, അമേരിക്കൻ തൊഴിലവസരങ്ങൾ സ്വദേശികൾക്കായി സംരക്ഷിക്കാനാണ് പുതിയ നീക്കമെന്ന് വ്യക്തമാക്കി. വിദേശ തൊഴിലാളികളെ ആശ്രയിക്കുന്ന യുഎസ് കമ്പനികൾക്ക്, പ്രത്യേകിച്ച് ടെക്‌നോളജി മേഖലയ്ക്ക്, ഇത് വലിയ വെല്ലുവിളിയാകും.
പുതിയ നിയമം സെപ്റ്റംബർ 21 മുതൽ 12 മാസത്തേക്ക് ബാധകമായിരിക്കും. വിസ ഉടമകളിൽ 70%ത്തിലധികവും ഇന്ത്യക്കാരായതിനാൽ, അമേരിക്കയിലെ ഇന്ത്യൻ പ്രവാസികൾക്ക് കനത്ത തിരിച്ചടിയാണ് പ്രതീക്ഷിക്കപ്പെടുന്നത്. 1990-ൽ കോൺഗ്രസ് പാസാക്കിയ നിയമപ്രകാരം, ബിരുദം നേടിയ വിദേശ തൊഴിലാളികളെ യുഎസ് കമ്പനികളിൽ സ്പെഷ്യാലിറ്റി ജോലികളിൽ നിയമിക്കാനാണ് എച്ച്1ബി വിസ സൃഷ്ടിച്ചത്. വിസയ്ക്ക് മൂന്നു വർഷത്തെ കാലാവധിയുണ്ട്, തുടർന്ന് മൂന്നു വർഷത്തേക്ക് കൂടി നീട്ടാവുന്നതുമാണ്.