എയ്ഡഡ് ഭിന്നശേഷി നിയമനം: കോടതി വിധി അനുസരിച്ചേ പ്രവർത്തിക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം: എയ്ഡഡ് ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് കോടതി വിധി അനുസരിച്ചേ പ്രവർത്തിക്കാനാകുവെന്നു മന്ത്രി വി ശിവൻ കുട്ടി. മാനേജ്മെൻ്റുകളുമായി സൗഹാർദ്ദപരമായ അന്തരീക്ഷം ആണ് ഉള്ളതെന്നും എജിയുടെ തീരുമാനത്തെ വെല്ലുവിളിക്കാൻ അനുവദിക്കില്ലന്നും അദ്ദേഹം പറഞ്ഞു. 1500ൽ താഴെ തസ്തികകൾ മാത്രമേ റിപ്പോർട്ട് ചെയ്തിട്ടുള്ളു. സർക്കാരിൻ്റെ അവസാന സമയത്ത് സമരം ചെയ്യുന്നത് 4 വർഷക്കാലം കോടതിയിൽ പോകാത്തവരാണെന്നും രാഷ്ട്രീയ പ്രേരിതമായാണ് സമരം നടക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മതവും ജാതിയും നോക്കി വിദ്യാഭ്യാസ രംഗത്തെ വിരട്ടാൻ നോക്കണ്ട. 5000ത്തിൽ അധികം ഒഴിവുകൾ ആണ് റിപ്പോർട്ട് ചെയ്യേണ്ടത്. അത് ചെയ്യാത്തവർക്കെതിരെ നടപടി ഉണ്ടാകും. ഇക്കാര്യം പറഞ്ഞു കൊണ്ട് ഒരു വെല്ലുവിളി ആരും നടത്തണ്ട. വിമോചന സമരം അന്ന് സാധിച്ചിട്ടുണ്ടാകും. എന്നാൽ ഇന്ന് അതിന് സാധ്യമല്ല. സർക്കാർ ചർച്ചയ്ക്ക് തയ്യാറാണെന്നും വി ശിവൻ കുട്ടി പറഞ്ഞു.
അതേസമയം, ദേശീയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ കത്ത് വന്നതായി മന്ത്രി അറിയിച്ചു. വിദ്യാഭ്യാസ നയത്തിലെ 75% കാര്യങ്ങൾ നടപ്പിലാക്കി എന്ന് കാട്ടി മറുപടി നൽകും. ആദ്യഘട്ടത്തിൽ ഉദ്യോഗസ്ഥരും സഭാ സമ്മേളനം പൂർത്തിയായതിനുശേഷം താനും കേന്ദ്രസർക്കാരുമായി ചർച്ച നടത്തും. തുടർന്നു കേന്ദ്ര സർക്കാരിന് സ്റ്റാറ്റസ് റിപ്പോർട്ട് നൽകി ലഭിക്കേണ്ട തുക വാങ്ങിയെടുക്കുമെന്നു അദ്ദേഹം വ്യക്തമാക്കി.