എസ്ഐആറിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കണം: ഹൈക്കോടതി
കൊച്ചി: വോട്ടർ പട്ടികയുടെ തീവ്രപരിഷ്കരണ (SIR) നടപടികളുമായി ബന്ധപ്പെട്ട വിവാദത്തിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. മറ്റ് സംസ്ഥാനങ്ങളിലെ സമാന ഹർജികൾ സുപ്രീം കോടതി പരിഗണിക്കുന്നതാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. സംസ്ഥാനത്ത് എസ്ഐആർ താൽക്കാലികമായി നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച ഹർജിയിലാണ് ഈ നിർദേശം. തദ്ദേശ തെരഞ്ഞെടുപ്പും എസ്ഐആറും ഒരേ സമയത്ത് നടക്കുന്നത് ഭരണസ്തംഭനത്തിനും ഉദ്യോഗസ്ഥ ക്ഷാമത്തിനും വഴിയൊരുക്കുമെന്നായിരുന്നു സർക്കാരിന്റെ വാദം.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് എസ്ഐആർ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കത്തയച്ചിരുന്നുവെങ്കിലും പ്രതികരണം ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഹർജി സമർപ്പിച്ചത്. എസ്ഐആർക്ക് അടിയന്തര പ്രാധാന്യമില്ലെന്നും അത് മാറ്റിവെച്ചാൽ ആരെയും ബാധിക്കില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ കാലാവധി ഡിസംബർ 20ന് അവസാനിക്കുമ്പോൾ, പുതിയ ഭരണസമിതി ഡിസംബർ 21ന് മുമ്പ് അധികാരമേൽക്കേണ്ടതുണ്ട്. ഡിസംബർ 9നും 11നും തെരഞ്ഞെടുപ്പും 13ന് വോട്ടെണ്ണലും നടത്താനാണ് തീരുമാനം. അതിനായി എല്ലാ നടപടികളും ഡിസംബർ 18നകം പൂർത്തിയാക്കണം.
അതേസമയം, നവംബർ 4നും ഡിസംബർ 4നും ഇടയിൽ എസ്ഐആർ പൂർത്തിയാക്കണമെന്നതാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം. ഇത് പ്രായോഗികമായി ബുദ്ധിമുട്ടാണെന്ന് സർക്കാർ ചൂണ്ടിക്കാട്ടി.
തദ്ദേശ തെരഞ്ഞെടുപ്പിനായി 1,76,000 ഉദ്യോഗസ്ഥരും 68,000 സുരക്ഷാ ഉദ്യോഗസ്ഥരുമാണ് ആവശ്യമുള്ളത്. അതേസമയം, എസ്ഐആറിനായി 25,668 ഉദ്യോഗസ്ഥരെ കൂടി വിന്യസിക്കേണ്ടതായതിനാൽ ഇത് ഗുരുതരമായ ഉദ്യോഗസ്ഥ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

