എസ്ഐആർ സാർവത്രിക വോട്ടവകാശത്തിന്റെ പൂർണമായ ലംഘനം: പ്രമേയം പാസാക്കി നിയമസഭ
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർപട്ടിക പ്രത്യേക തീവ്ര പരിഷ്‌കരണത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കി. ഭരണപക്ഷവും പ്രതിപക്ഷവും പ്രമേയത്തെ പിന്തുണച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എസ്ഐആർ നടപ്പാക്കാനുള്ള നീക്കം നിഷ്കളങ്കമായി കാണാൻ ആകില്ല. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരളത്തിലും തമിഴ്നാട്ടിലും പശ്ചിമ ബംഗാളിലും തിടുക്കപ്പെട്ട് തീവ്ര വോട്ടർ പരിഷ്കരണം നടത്തുന്നതിനെ നിഷ്‌കളങ്കമായി കാണാൻ കഴിയില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു.
സാർവത്രിക വോട്ടവകാശത്തിന്റെ പൂർണമായ ലംഘനമാണ് നടക്കുന്നത്. പ്രായപൂർത്തി വോട്ടവകാശത്തെ നിഷേധിക്കുന്നതിന് തുല്യമാണ് രക്ഷിതാക്കളുടെ പൗരത്വ രേഖ ആവശ്യപ്പെടുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ സംശയത്തിന്റെ നിഴലിലാണെന്നും പൗരത്വ നിയമ ഭേദഗതിയെ പൊടിതട്ടിയെടുക്കാൻ ശ്രമിക്കുന്നവർ എസ്ഐആറിനെ എങ്ങനെ ഉപയോഗിക്കും എന്നത് ജനാധിപത്യത്തിൻ്റെ വെല്ലുവിളിയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വോട്ടർപട്ടികയിൽനിന്നും ആളുകളെ യുക്തിരഹിതമായാണ് ഒഴിവാക്കിയതെന്നും അദ്ദേഹം ആരോപിച്ചു.
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രമേയത്തിന് പിന്തുണ അറിയിച്ചു. ലീഗ് എംഎൽഎമാരായ യു ലത്തീഫ്, എൻ ഷംസുദ്ദീൻ എന്നിവർ പ്രമേയത്തിന്മേൽ ഭേദഗതികൾ അവതരിപ്പിച്ചു.

