എൻ എം വിജയൻ ആത്മഹത്യ ചെയ്ത സംഭവം: കുറ്റപത്രം സമർപ്പിച്ചു, ഐസി ബാലകൃഷ്ണൻ എംഎൽഎ ഒന്നാംപ്രതി

വയനാട്: മുന്‍ ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ബത്തേരി എംഎൽഎ ഐസി ബാലകൃഷ്ണനാണ് ഒന്നാംപ്രതി. മുൻ ഡിസിസി പ്രസിഡൻറ് എൻഡി അപ്പച്ചൻ, കെ കെ ഗോപിനാഥൻ, പി വി ബാലചന്ദ്രൻ എന്നിവരാണ് മറ്റു പ്രതികൾ. കേസില്‍ നേരത്തെ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു. ബത്തേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ്ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയിൽ കുറ്റപത്രം സമ്മര്‍പ്പിച്ചത്.
ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും അതിനെ തുടർന്നുണ്ടായ ബാധ്യതയും ആണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് കണ്ടെത്തൽ. കോൾ റെക്കോർഡുകൾ, ഡയറി ഉൾപ്പെടെയുള്ള തെളിവുകളും ബാങ്ക് രേഖകളും കുറ്റപത്രത്തിനൊപ്പം സമർപ്പിച്ചിട്ടുണ്ട്. ബത്തേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ബത്തേരി കോടതിയിൽ ഇന്നലെ കുറ്റപത്രം സമർപ്പിച്ചത്. കഴിഞ്ഞദിവസം വിജിലൻസ് എടുത്ത കേസിലും ഐസി ബാലകൃഷ്ണൻ എംഎൽഎ പ്രതിയായിരുന്നു.
ഡിസംബര്‍ 25-നാണ് എന്‍ എം വിജയനെയും മകന്‍ ജിജേഷിനെയും വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 27-ന് ഇരുവരും മരിച്ചു. ഇതിന് ശേഷം പുറത്തുവന്ന എന്‍ എം വിജയന്റെ ആത്മഹത്യാ കുറിപ്പും അനുബന്ധ തെളിവുകളുമാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കുരുക്കായത്. ഐ സി ബാലകൃഷ്ണന്‍, എന്‍ ഡി അപ്പച്ചന്‍, കെ കെ ഗോപിനാഥന്‍, പി വി ബാലചന്ദ്രന്‍ എന്നിവരുടെ പേരുകളടക്കം വിജയന്‍ കത്തില്‍ പരാമര്‍ശിച്ചിരുന്നു. മരണക്കുറിപ്പ് എന്ന നിലയിലാണ് കത്ത് എഴുതിയിരുന്നത്.