ഒമാന്‍ തീരത്ത് കപ്പലിന് നേരെ ആക്രമണം; ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു
മസ്‌കത്ത്: ഒമാന്‍ തീരത്ത് കപ്പലിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു. കപ്പലിലെ ജീവനക്കാരനാണ് മരിച്ചത്. മസ്‌കത്തിലെ പോര്‍ട്ട് സുല്‍ത്താന്‍ ഖബൂസ് നിന്ന് 52 നോട്ടിക്കല്‍ മൈല്‍ വടക്ക് പടിഞ്ഞാറായാണ് സംഭവം. റിപ്പബ്ലിക് ഓഫ് മാര്‍ഷല്‍ ദ്വീപുകള്‍ പതാക വഹിച്ചിരുന്ന എംകെഡി വ്യോം ടാങ്കറിലേക്ക് ആളില്ലാ ഡ്രോണ്‍ ബോട്ട് ഇടിച്ചുകയറിയതോടെ കപ്പലിന് തീപിടിച്ചു. ടാങ്കറില്‍ ആകെ 21 പേരുണ്ടായിരുന്നു. ഇവരില്‍ 16 ഇന്ത്യക്കാരും നാല് ബംഗ്ലാദേശികളും ഉള്‍പ്പെടുന്നു. ശേഷിച്ചവരെ സുരക്ഷിതമായി ഒഴിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു.
ആക്രമണത്തിന് പിന്നില്‍ ആര് എന്നാണ് ഇതുവരെ വ്യക്തമല്ല. കേടുപാടുകള്‍ സംഭവിച്ച കപ്പല്‍ നിരീക്ഷിക്കാന്‍ റോയല്‍ നേവി ഓഫ് ഒമാന്‍ കപ്പല്‍ നിയോഗിച്ചു. കഴിഞ്ഞ ദിവസം ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് വഴി സഞ്ചരിക്കുന്ന എണ്ണക്കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിന് പിന്നാലെയാണ് ഒമാന്‍ തീരത്തും ടാങ്കറിന് നേരെ ആക്രമണം റിപ്പോര്‍ട്ട് ചെയ്തത്.

