ഓപ്പറേഷൻ നുംഖോർ: ദുൽഖറിനെ ചോദ്യം ചെയ്യാൻ കസ്റ്റംസ്
കൊച്ചി: ഭൂട്ടാൻ വഴിയുള്ള വാഹന കടത്ത് കേസിൽ അന്വേഷണം ശക്തമാക്കി കസ്റ്റംസ്. പിടിച്ചെടുത്ത വാഹനങ്ങളുടെ ഉടമകളെയും വാഹനം കൈമാറിയ ഡീലർമാരെയും വിശദമായി ചോദ്യം ചെയ്യാൻ തീരുമാനിച്ചു. സമൻസ് ലഭിച്ച നടൻ ദുൽഖർ സൽമാൻ ഉൾപ്പെടെയുള്ളവർ കസ്റ്റംസിന് മുന്നിൽ ഹാജരാകും. നടൻ അമിത് ചക്കാലക്കലിനോട് പ്രാഥമികമായി ചോദ്യം ചെയ്തിട്ടുണ്ടെങ്കിലും, കൂടുതൽ വിശദമായ ചോദ്യം ചെയ്യലിന് അദ്ദേഹത്തെയും വിളിക്കാനാണ് തീരുമാനം. ഇവർ സമർപ്പിച്ച രേഖകളും സംഘം പരിശോധിക്കുന്നു.
‘ഓപ്പറേഷൻ നുംഖോർ’ എന്ന പേരിൽ രാജ്യവ്യാപകമായി നടത്തിയ പരിശോധനയിലാണ് 36 വാഹനങ്ങൾ പിടിച്ചെടുത്തത്. ഇവയെല്ലാം ഭൂട്ടാൻ വഴി നികുതി വെട്ടിച്ച് കടത്തിയവ ആണെന്നതാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. കൊച്ചിയിൽ നിന്നും 10 വാഹനങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. ഇതിൽ ദുൽഖർ സൽമാന്റെ രണ്ട് കാറുകളും, അമിത് ചക്കാലക്കലിന്റെ രണ്ട് വാഹനങ്ങളും ഉൾപ്പെടുന്നു. ദുൽഖറിന്റെ മറ്റു നാല് വാഹനങ്ങളുടെ രേഖകളും, അമിതിന്റെ മൂന്ന് വാഹനങ്ങളുടെ രേഖകളും ഹാജരാക്കാൻ നോട്ടീസ് നൽകിയിട്ടുണ്ട്.
അതേസമയം, നടൻ പൃഥ്വിരാജിന്റെ വാഹനം കടത്തിയവയിലില്ലെന്ന് അന്വേഷണം വ്യക്തമാക്കിയിട്ടുണ്ട്. കേസിൽ കസ്റ്റംസ് വിവിധ അന്വേഷണ ഏജൻസികളുടെ സഹായം തേടുന്നുണ്ടെന്നും, ഇഡിയും അന്വേഷണം ഏറ്റെടുക്കാൻ സാധ്യതയുണ്ടെന്ന് സൂചനകളുണ്ട്.

