Latest News

ഓപ്പറേഷൻ നുംഖോർ: വാഹനങ്ങൾ കണ്ടെത്താനാകാതെ കസ്റ്റംസ്, എംവിഡി സഹായം തേടും

 ഓപ്പറേഷൻ നുംഖോർ: വാഹനങ്ങൾ കണ്ടെത്താനാകാതെ കസ്റ്റംസ്, എംവിഡി സഹായം തേടും

കൊച്ചി : ഭൂട്ടാനിൽ നിന്ന് കടത്തിയ ആഢംബര വാഹനങ്ങൾ കണ്ടെത്താനാകാതെ കസ്റ്റംസ്. വാഹനങ്ങൾ ഒളിപ്പിച്ചതാണെന്നാണ് വിലയിരുത്തൽ. കേരളത്തിൽ എത്തിച്ച 150ലേറെ വാഹനങ്ങളിൽ ഇതുവരെ കണ്ടെത്താനായത് 38 എണ്ണം മാത്രമാണ്. വാഹനങ്ങൾ കണ്ടെത്താൻ ഇതിനോടകം പൊലീസിന്‍റെയും മോട്ടോർ വാഹന വകുപ്പിന്‍റെയും സഹായം കസ്റ്റംസ് തേടിയിട്ടുണ്ട്.

ഫസ്റ്റ് ഓണർ ലാൻഡ് റോവർ കൊച്ചി കുണ്ടന്നൂരിൽ നിന്ന് പിടികൂടിയതിൽ, റാക്കറ്റുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന വാഹനയുടമ മാഹീൻ അൻസാരി ചോദ്യം ചെയ്യലിന് ഹാജരായിട്ടില്ല. തെളിവുകൾ ലഭിച്ചാൽ കടുത്ത തുടർ നടപടികൾ ഉണ്ടാകും. കാർ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് നടൻ അമിത് ചക്കാലക്കൽ ഹാജരാക്കിയ കൂടുതൽ രേഖകൾ പരിശോധിക്കുകയാണ് കസ്റ്റംസ്.

അതേസമയം നികുതി വെട്ടിച്ച് കടത്തിയ ആഡംബരം വാഹനങ്ങൾ പിടിച്ചെടുക്കുന്ന കസ്റ്റംസിന്റെ ഓപ്പറേഷൻ നുംഖോർ അന്വേഷണം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടരുകയാണ്. വ്യാജ രേഖകളുണ്ടാക്കി നികുതി വെട്ടിച്ചു പഴയ വാഹനങ്ങൾ ഭൂട്ടാനിൽനിന്ന് ഇറക്കുമതി ചെയ്യുന്നുണ്ടെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ. ഭൂട്ടാൻ വഴി ഇന്ത്യയിലേക്ക് കടത്തുന്ന ഈ വാഹനങ്ങൾക്ക് ഇന്ത്യൻ ആർമി, വിദേശ എംബസികൾ എന്നിവയുടെ വ്യാജ സീലുകളും രേഖകളും ഉപയോഗിച്ച് മറ്റ് സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്യും. പിന്നീട് ഈ വാഹനങ്ങൾ കേരളത്തിലേക്ക് കൊണ്ടുവന്ന് വിൽക്കും. കൂടാതെ കള്ളപ്പണം വെളുപ്പിക്കൽ, സ്വർണ്ണ-മയക്കുമരുന്ന് കടത്ത് എന്നിവയുമായി ഈ റാക്കറ്റിന് ബന്ധമുണ്ടോ എന്നും അന്വേഷണ ഏജൻസികൾ പരിശോധിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes