Latest News

കണ്ണപുരം സ്‌ഫോടനം: മരിച്ചത് അനൂപ് മാലിക്കിന്‍റെ ബന്ധു, അന്വേഷണം ക്രൈംബ്രാഞ്ചിന്

 കണ്ണപുരം സ്‌ഫോടനം: മരിച്ചത് അനൂപ് മാലിക്കിന്‍റെ ബന്ധു, അന്വേഷണം ക്രൈംബ്രാഞ്ചിന്

കണ്ണൂർ: കണ്ണൂർ ജില്ലയിലെ കണ്ണപുരം കീഴറയിലെ സ്ഫോടനത്തിൽ ഒരാൾ മരിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ജില്ലാ ക്രൈംബ്രാഞ്ച് എസിപിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുക. സ്ഫോടനം നടന്ന വീട് വാടകയ്ക്കെടുത്ത കണ്ണൂർ ചാലാട് സ്വദേശി അനൂപ്‌ മാലിക്കിനെതിരെ സ്ഫോടക വസ്തു നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 2016ൽ കണ്ണൂർ പൊടിക്കുണ്ടിലെ വീട്ടിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചുണ്ടായ കേസിലെ പ്രതിയാണ് അനൂപ് മാലിക്. കണ്ണൂർ ചാലാട് സ്വദേശി മുഹമ്മദ് ആഷാ മാണ് മരിച്ചതെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ നിതിൻ രാജ് ഐപിഎസ് മാധ്യമങ്ങളോട് പറ‍ഞ്ഞു. അനൂപ് മാലികിന്റെ ബന്ധുവാണ് ഇയാൾ. അനൂപിനായി അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. ഉത്സവത്തിന് ഉപയോഗിക്കുന്ന ഗുണ്ട് പോലെയുള്ള സ്ഫോടക വസ്തുക്കളാണ് സഫോടനം നടന്ന വീട്ടിൽ നിർമ്മിച്ചിരുന്നത്. ഇത്തരം വസ്തുക്കളുടെ നിർമ്മാണത്തിന് ലൈസൻസ് ഉണ്ടായിരുന്നില്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്നും കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ കൂട്ടിച്ചേർത്തു.

കണ്ണപുരം കീഴറയിലെ സ്‌ഫോടന കേസില്‍ പ്രതിയായ അനൂപ് മാലിക് മുന്‍പും സമാന കേസുകളില്‍ പ്രതിയായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. 2016ലെ പൊടിക്കുണ്ട് സ്‌ഫോടന കേസിലെ മുഖ്യപ്രതിയാണ് അനൂപ് മാലിക്. അന്ന് 57 വീടുകളായിരുന്നു സ്ഫോടനത്തിൽ തകർന്നത്. സ്ഫോടക വസ്തുക്കൾ നിയമവിരുദ്ധമായി കൈകാര്യം ചെയ്തതിന് ഇയാൾക്കെതിരെ ഏഴ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കണ്ണപുരം സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ചാലാട് സ്വദേശി മുഹമ്മദ് ആഷാം എന്നയാളുടെ ബന്ധുവാണെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ നിതിന്‍ രാജ് പി പറഞ്ഞു.

അനൂപ് മാലിക്കാണ് വീട് വാടകയ്ക്ക് എടുത്തിരുന്നതെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. വീട്ടില്‍ നടത്തിയ പരിശോധനയില്‍ വലിയ രീതിയില്‍ ഗുണ്ടുകളും പടക്കങ്ങളും നിര്‍മിക്കുന്ന വസ്തുക്കള്‍ കണ്ടെത്തി. പടക്കങ്ങള്‍ നിര്‍മിക്കുന്നതിന് അനുമതി തേടിയിരുന്നില്ലെന്നാണ് മനസിലാക്കുന്നത്. അനൂപിനെ കണ്ടെത്തേണ്ടതുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും ജില്ലാ ക്രൈംബ്രാഞ്ച് എസ്പിയുടെ നേതൃത്വത്തില്‍ സംഭവം അന്വേഷിക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി. കണ്ണപുരം കീഴറയിലെ വീട്ടിൽ ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് ഉഗ്ര സ്ഫോടനം നടന്നത്. സംഭവത്തിൽ വീട് പൂർണ്ണമായി തകർന്നു. സ്ഫോടനത്തിന് പിന്നാലെ ശരീര അവശിഷ്ടങ്ങൾ ചിന്നിച്ചിതറുകയായിരുന്നു. ബോംബ് നിർമ്മാണത്തിനിടെ ഉണ്ടായ അപകടമാണ് സ്ഫോടനത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. കീഴറ ഗോവിന്ദനെന്ന മുൻ അധ്യാപകൻ്റെ ഉടമസ്ഥതയിലുള്ള വീട്ടിൽ രണ്ട് പേരാണ് വാടകയ്ക്ക് താമസിച്ചിരുന്നതെന്നാണ് വിവരം ഒരാളുടെ മൃതദേഹമാണ് സ്ഥലത്ത് നിന്ന് കണ്ടെത്തിയിരിക്കുന്നത്. മരിച്ചയാളുടെ മൃതദ്ദേഹം ഫയർ ഫോഴ്സ് പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജാശുപത്രിയിലേക്ക് മാറ്റി. സ്ഫോടനം നടന്ന വീട്ടിൽ കണ്ണൂരിൽ നിന്നെത്തിയ ബോംബ് സ്ക്വാഡും ഫോറൻസിക വിഭാഗവും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes