കരൂര്‍ അപകടത്തിന് കാരണം ലാത്തിചാര്‍ജ് എന്ന് ടിവികെ; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഹൈക്കോടതി

(c)PragMatrix
ചെന്നൈ: കരൂര്‍ അപകടം അന്വേഷിക്കാനായി മദ്രാസ് ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ഐപിഎസ് ഉദ്യോഗസ്ഥന് അസ്ര ഗാര്‍ഗിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിനാണ് ചുമതല. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് നിയോഗിച്ച ജുഡീഷ്യല്‍ അന്വേഷണവും പുരോഗമിക്കും. സംഭവത്തില്‍ ടിവികെ ജില്ലാ സെക്രട്ടറി എന്‍. സതീഷ് കുമാറിനെതിരെ കേസെടുത്തിരുന്നു. എന്നാൽ സതീഷ് കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയും ഹൈക്കോടതി തള്ളി. വാദത്തിനിടയില്‍ വിജയ്ക്കും ടിവികെയ്ക്കുമെതിരെ കോടതി രൂക്ഷമായി വിമർശിച്ചു.
ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കുന്നതില്‍ പാര്‍ട്ടി എന്തുകൊണ്ട് പരാജയപ്പെട്ടുവെന്ന് കോടതി ചോദിച്ചു.
അതേസമയം കരൂർ അപകടത്തിന് കാരണം പൊലീസ് ലാത്തി ചാര്‍ജാണെന്ന് തമിഴക വെട്രി കഴകം മദ്രാസ് ഹൈക്കോടതിയില്‍. വിജയ്യെ കാണാന്‍ ടിവികെ അനുഭാവികള്‍ കാത്തു നില്ക്കുമ്പോള് ആള്‍ക്കൂട്ടത്തില്‍ ചിലര്‍ ചെരുപ്പെറിഞ്ഞുവെന്നും ഇതോടെ മുന്നറിയിപ്പില്ലാതെ പൊലീസ് ലാത്തി ചാര്‍ജ് നടത്തിയതാണ് ദുരന്തത്തിന് കാരണമായതെന്നുമാണ് ടിവികെ ഹൈക്കോടതിയില്‍ പറഞ്ഞു.
എന്നാൽ ടിവികെയുടെ ആരോപണം ഡിഎംകെ പൂര്‍ണമായും തള്ളിക്കളയുകയും അടിസ്ഥാനരഹിതമായ ആരോപണമാണ് ടിവികെ ഉന്നയിക്കുന്നതെന്നും യാതൊരു തെളിവുമില്ലെന്നും ഡിഎംകെ കോടതിയില്‍ വാദിച്ചു.