കരൂര്‍ ദുരന്തം; ഹർജികൾ ഇന്ന് ഹൈക്കോടതി പരിഗണിക്കും

(c)PragMatrix
ചെന്നൈ: ടിവികെ സംഘടിപ്പിച്ച റാലിയിൽ ഉണ്ടായ തിരക്കിലും തിക്കിലും 41 പേർ മരണപ്പെട്ട സംഭവത്തിൽ, നടനും പാർട്ടി അധ്യക്ഷനുമായ വിജയ്‌ക്കെതിരായ ഹർജിയും, അപകടത്തിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യപ്പെട്ട ടിവികെയുടെ ഹർജിയും ഇന്ന് മദ്രാസ് ഹൈക്കോടതി പരിഗണിക്കും. പി.എച്ച്. ദിനേശ് സമർപ്പിച്ച ഹർജിയിൽ, ദുരന്തത്തിന് വിജയിനും ടിവികെ പാർട്ടിക്കും നേരിട്ട് ഉത്തരവാദിത്തമുണ്ടെന്ന് ആരോപിച്ചിട്ടുണ്ട്.
ഇതിനിടെ, സംഭവത്തെ തുടർന്ന് വിജയിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. 41 പേരുടെ ജീവൻ നഷ്ടമായ സംഭവത്തിൽ വിജയ്‌ക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് എഴുത്തുകാർ, ചിന്തകർ, ആക്ടിവിസ്റ്റുകൾ, മാധ്യമ പ്രവർത്തകർ എന്നിവരടങ്ങുന്ന സാംസ്കാരിക-സാമൂഹിക പ്രവർത്തകരുടെ കൂട്ടായ്മ രംഗത്തെത്തി. 300 പേരുടെ ഒപ്പോടെ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ, വിജയ് പങ്കെടുത്ത മുൻ പരിപാടികളിലും സുരക്ഷാ വീഴ്ചകൾ ഉണ്ടായിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി. കരൂരിലെ റാലിയിലും സുരക്ഷാ, ഭരണ സംവിധാനങ്ങളുടെ പരാജയം ദുരന്തത്തിന് കാരണമായെന്നും അവർ ആരോപിച്ചു.
ജനങ്ങൾക്ക് മതിയായ സൗകര്യങ്ങൾ ഒരുക്കാതെ, ഭക്ഷണവും വെള്ളവും ശൗചാലയവും ഇല്ലാതെ ഏഴ് മണിക്കൂറിലധികം കാത്തിരിക്കേണ്ടി വന്നെന്നും, വിജയിയുടെ വാഹനത്തെ പിന്തുടരാൻ ആളുകൾക്ക് നിർബന്ധിതരാകേണ്ടിവന്നെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു. ദുരന്തവുമായി ബന്ധപ്പെട്ട് ടിവികെ പ്രവർത്തകരായ രണ്ടുപേരെ പൊലീസ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. റാലിയുടെ സംഘാടകനും ടിവികെ ജില്ലാ സെക്രട്ടറിയുമായ മതിയഴകനെയും, പരിപാടിയുടെ അനുമതി അപേക്ഷയിൽ ഒപ്പിട്ട നേതാവ് പൗൻരാജിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.