കരൂർ ദുരന്തം; ടിവികെ പ്രാദേശിക നേതാവ് ജീവനൊടുക്കി, ഡിഎംകെ നേതാവ് സെന്തില്‍ ബാലാജിക്കെതിരെ ആത്മഹത്യാ കുറിപ്പ്

ചെന്നൈ; കരൂർ ദുരന്തത്തിന് പിന്നാലെ ടിവികെ പ്രാദേശിക നേതാവ് ആത്മഹത്യ ചെയ്തു. ടിവികെ വിഴുപ്പുറം ബ്രാഞ്ച് സെക്രട്ടറി വി. അയ്യപ്പനെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. കരൂർ ദുരന്തത്തിന്റെ വിഷാദത്തിലാണ് ആത്മഹത്യ. വീട്ടിൽ നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. ദുരന്തത്തിന് കാരണം മുൻമന്ത്രിയും ഡിഎംകെ നേതാവുമായ സെന്തിൽ ബാലാജിയെന്ന് കുറിപ്പിൽ ആരോപിക്കുന്നു.
ദുരന്തത്തിന്റെ വാർത്തകളിൽ അയ്യപ്പൻ അസ്വസ്ഥനായിരുന്നതായി കുടുംബം പറഞ്ഞു. അയ്യപ്പൻ മുമ്പ് വിജയ് ഫാൻസ് അസോസിയേഷന്റെ ഭാരവാഹിയായിരുന്നു. ഇയാളുടെ ഫോൺ ഉൾപ്പെടെ പോലീസ് പരിശോധിച്ചു വരികയാണ്.
അതേസമയം റാലിയുടെ സംഘാടകരിൽ ഒരാളായ ടിവികെ ജില്ലാ സെക്രട്ടറി മതിയഴകനെ പൊലീസ് അറസ്‌റ്റ്‌ചെയ്‌തിരുന്നു. ഇന്ന് കോടതിയിൽ ഹാജരാക്കും. മതിയഴകനെ കൂടാതെ, സംസ്ഥാന ജനറൽ സെക്രട്ടറി എൻ ആനന്ദ്, സംസ്ഥാന ജോയിന്റ് സെക്രട്ടറി സി ടി ആർ നിർമൽകുമാർ,എന്നിവരെ ഉടൻ അറസ്റ്റ് ചെയ്തേക്കും. ദുരന്തത്തിന് പിന്നാലെ പൊതുപരിപാടികൾക്ക് നിയമാവലി തയ്യാറാക്കാൻ നടപടിയുമായി മുന്നോട്ടുപോകുകയാണ് തമിഴ്നാട് സർക്കാർ.