കര്‍ണാടകയിലെ ജനങ്ങളുടെ വികാരം വ്രണപ്പെടുത്തി; ഖേദം പ്രകടിപ്പിച്ച് വേഫെയറര്‍ ഫിലിംസ്

ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ലോക ചാപ്റ്റര്‍ 1 : ചന്ദ്ര എന്ന ചിത്രത്തിലെ ഡയലോഗ് കര്‍ണാടകയിലെ ജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്ന വിമര്‍ശനത്തിന് പിന്നാലെ മാപ്പ് ചോദിച്ച് ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെയറര്‍ ഫിലിംസ്. വിവാദമായ ഡയലോഗ് ഉടന്‍ തന്നെ സിനിമയില്‍ നിന്ന് നീക്കം ചെയ്യുമെന്നും പ്രൊഡക്ഷന്‍ ഹൗസ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. ഇതുമൂലമുണ്ടായ വിഷമത്തിന് ഞങ്ങള്‍ ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്നും കമ്പനി അറിയിച്ചു. ബംഗളൂരുവിനെ മയക്കുമരുന്നിന്റെ നഗരം എന്ന് വിശേഷിപ്പിച്ചതിനെതിരെയാണ് പ്രതിഷേധം ഉയര്‍ന്നതെന്നാണ് സൂചന.
കര്‍ണാടകയിലെ ജനങ്ങളുടെ വികാരം വ്രണപ്പെടുത്തി; ഖേദം പ്രകടിപ്പിച്ച് വേഫെയറര്‍ ഫിലിംസ്
“ലോക ചാപ്റ്റര്‍ 1 : ചന്ദ്ര എന്ന ഞങ്ങളുടെ സിനിമയിലെ ഒരു കഥാപാത്രം പറഞ്ഞ സംഭാഷണം മനപൂര്‍വമല്ലെങ്കിലും കര്‍ണാടകയിലെ ജനങ്ങളുടെ വികാരം വ്രണപ്പെട്ടു എന്നുള്ളത് ഞങ്ങളുടെ ശ്രേദ്ധയിൽപ്പെട്ടു. വേഫെയറര്‍ ഫിലിംസ് പ്രേഷകർക്കാണ് മുന്‍ഗണന നല്‍കുന്നത്. മോശമായ രീതിയില്‍ ഒന്നും ഉദ്ദേശിച്ചിട്ടില്ലെന്നും, ഈ വിഷയത്തില്‍ ഞങ്ങള്‍ ഖേദം അറിയിക്കുകയും ചെയ്യുന്നതായി പ്രസ്താവനയിൽ പറയുന്നു. ആ സംഭാഷണം സിനിമയില്‍ നിന്ന് ഉടന്‍ തന്നെ എഡിറ്റ് ചെയ്ത് മാറ്റുമെന്ന് അറിയിക്കുന്നു. ഞങ്ങള്‍ ഉണ്ടാക്കിയ വേദനയ്ക്ക് ആത്മാര്‍ത്ഥമായി മാപ്പ് ചോദിക്കുന്നു. ഞങ്ങളുടെ ക്ഷമാപണം ദയവായി സ്വീകരിക്കണം”, എന്നാണ് നിര്‍മാതാക്കള്‍ സമൂഹ മാധ്യമത്തിൽ കുറിച്ചത്.
കല്യാണി പ്രിയദര്‍ശന്‍ കേന്ദ്ര കഥാപാത്രമായ ലോക തിയേറ്ററില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ആദ്യ നാല് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ആഗോള തലത്തില്‍ നിന്ന് 65 കോടിയോളമാണ് ലോക നേടിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതുവരെ ചിത്രത്തിന് പത്ത് ലക്ഷം ടിക്കറ്റുകള്‍ വിറ്റുപോയെന്ന് ദുല്‍ഖര്‍ സല്‍മാന്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.