കറുകുറ്റിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊന്നു; കുട്ടിയുടെ അമ്മൂമ്മ കസ്റ്റഡിയിൽ
എറണാകുളം: അങ്കമാലി കറുകുറ്റിയിൽ ആറ് മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊന്നു. ആൻ്റണി-റൂത്ത് ദമ്പതികളുടെ മകൾ ഡെൽന മറിയം സാറയാണ് കൊല്ലപ്പെട്ടത്. 10 മണിയോടെയാണ് കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മതാപിതാക്കൾ ജോലിക്ക് പോയ സമയത്താണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് നിഗമനം. സംഭവത്തിൽ കുട്ടിയുടെ അമ്മൂമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വീട്ടിൽ കുട്ടിയുടെ അച്ഛനും അമ്മയും അമ്മൂമ്മയുമാണുള്ളത്. കുഞ്ഞിനെ അമ്മൂമ്മയ്ക്ക് അരികിൽ കിടത്തിയിരിക്കുകയായിരുന്നു. കുഞ്ഞിന്‍റെ അമ്മ അടുക്കളയിൽ ആയിരുന്നു. അവശനിലയിൽ അമ്മൂമ്മയെ ആശുപത്രിയിൽ പ്രവേശിച്ചിരിക്കുകയാണ്. അമ്മ വന്നു നോക്കിയപ്പോഴാണ് കുഞ്ഞിനെ കഴുത്തില്‍ നിന്ന് ചോര വരുന്ന രീതിയില്‍ കണ്ടത്. പിന്നാലെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്താണ് സംഭവിച്ചത് എന്നതില്‍ വ്യക്തത വന്നിട്ടില്ല. അമ്മൂമ്മ മാനസീകാസ്വാസ്ഥ്യം ഉള്ളയാളാണ് എന്ന സ്ഥിരീകരിക്കാത്ത വിവരം പുറത്തുവന്നിട്ടുണ്ട്. കുഞ്ഞിന്റെ മൃതദേഹം അങ്കമാലി അപ്പോളോ ആശുപത്രിയിലാണുള്ളത്.

