കാബൂളില്‍ പാക് ആക്രമണം
കാബൂൾ: അതിർത്തി സംഘർഷം രൂക്ഷമായതോടെ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ഏറ്റുമുട്ടൽ തുറന്ന യുദ്ധത്തിലേക്ക് . പാക് അതിര്‍ത്തിയിലെ താലിബാൻ പ്രകോപനത്തിന് മറുപടിയായി വെള്ളിയാഴ്ച കാബൂളിലുൾപ്പെടെ വിവിധയിടങ്ങളിൽ പാകിസ്ഥാൻ വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ട്. പാക് സൈന്യത്തിന്റെ ആക്രമണത്തിൽ 133 അഫ്ഗാൻ സൈനികർ കൊല്ലപ്പെട്ടതായി പാകിസ്ഥാൻ അവകാശപ്പെട്ടു.
അതേസമയം അഫ്ഗാൻ തിരിച്ചടിയിൽ പാകിസ്ഥാനിൽ 55 പേർ കൊല്ലപ്പെട്ടതായി താലിബാൻ സർക്കാർ അറിയിച്ചു. പാക് പ്രതിരോധമന്ത്രി ഖവാജ ആസിഫ് അഫ്ഗാനെതിരെ തുറന്ന യുദ്ധത്തിനുള്ള ആഹ്വാനം നടത്തിയതും സംഘർഷം കൂടുതൽ കടുപ്പിച്ചു. “ക്ഷമ അതിന്റെ പരിധി കടന്നു; ഇനി തുറന്ന യുദ്ധം,” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അഫ്ഗാനെതിരായ സൈനിക നടപടിക്ക് പാക് സൈന്യം “ഘസാബ് ലിൽ ഹഖ്” എന്ന പേര് നൽകിയതായും റിപ്പോർട്ടുണ്ട്.
കാബൂളിന് പുറമെ കാണ്ഡഹാർ നഗരത്തിലും ആക്രമണം നടന്നതായി താലിബാൻ വക്താവ് സബിനുള്ള മുജാഹിദ് സ്ഥിരീകരിച്ചു. കഴിഞ്ഞ ഞായറാഴ്ച അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ ആക്രമണം നടത്തിയതിന്റെ പ്രതികാരമായാണ് വ്യാഴാഴ്ച പാകിസ്ഥാൻ അതിർത്തികളിലുടനീളം ആക്രമണം നടത്തിയതെന്ന് അഫ്ഗാനിസ്ഥാൻ ആരോപിച്ചു. പിന്നാലെ നടന്ന പാക് ആക്രമണത്തിൽ എട്ട് സൈനികർ കൊല്ലപ്പെട്ടതായി അഫ്ഗാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

