Latest News

കായിക പൂരം ഇന്ന് അനന്തപുരിയിൽ കൊടിയേറും;  സംസ്ഥാന സ്കൂൾ കായിക മേള മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

 കായിക പൂരം ഇന്ന് അനന്തപുരിയിൽ കൊടിയേറും;  സംസ്ഥാന സ്കൂൾ കായിക മേള മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് ഇന്ന് തുടക്കം. തിരുവനന്തപുരം യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിൽ വൈകീട്ട് നാലിനു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഒളിംപിക്‌സ് മാതൃകയിലുള്ള 67-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്കാണ് തലസ്ഥാനം ഒരുങ്ങിയത്. കായിക താരങ്ങളുടെ മാര്‍ച്ച് പാസ്റ്റോടെയാകും ഉദ്ഘാടനച്ചടങ്ങിന് തുടക്കമാവുക. ഉദ്ഘാടന ചടങ്ങിന് ശേഷം കേരളത്തിന്റെ സാംസ്‌കാരിക പൈതൃകവും പാരമ്പര്യവും വിളിച്ചോതുന്ന കലാപരിപാടികള്‍ അരങ്ങേറും.

ഒക്ടോബര്‍ 22 മുതല്‍ 28 വരെ 12 വേദികളിലായി കായിക മത്സരങ്ങള്‍ നടക്കും. മേളയില്‍ ഇന്‍ക്ലൂസീവ് സ്‌പോര്‍ട്‌സിന്റെ ഭാഗമായി 1944 കായിക താരങ്ങള്‍ അടക്കം ഇരുപതിനായിരത്തിലധികം താരങ്ങള്‍ പങ്കെടുക്കുന്നു. ഗള്‍ഫ് മേഖലയില്‍ കേരള സിലബസ് പഠിപ്പിക്കുന്ന ഏഴ് സ്‌കൂളുകളില്‍ നിന്നും 35 കുട്ടികള്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്. ഇത്തവണ 12 പെണ്‍കുട്ടികള്‍ കൂടി ഈ സംഘത്തില്‍ ഉണ്ടെന്ന പ്രത്യേകതയുമുണ്ട്. ആയിരത്തോളം ഒഫീഷ്യല്‍സും രണ്ടായിരത്തോളം വോളന്റിയേഴ്‌സും കായിക ഉത്സവത്തിന്റെ ഭാഗമാകും

മുൻ ഇന്ത്യൻ ക്യാപ്റ്റനും ഇതിഹാസ ഫുട്ബോൾ താരവുമായ ഐഎം വിജയനും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും ചേർന്നു ദീപശിഖ തെളിയിക്കും. 21 മുതല്‍ 28 വരെയാണ് കായികമേള. മൂവായിരത്തോളം കുട്ടികള്‍ പങ്കെടുക്കുന്ന സാംസ്‌കാരിക പരിപാടികളും ഓരോ ജില്ലയില്‍ നിന്നും മുന്നൂറ് കുട്ടികള്‍ പങ്കെടുക്കുന്ന വിപുലമായ മാര്‍ച്ച് പാസ്റ്റുമാണ് ഒരുക്കിയിരിക്കുന്നത്. പതിനാറോളം സബ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ മേളയ്ക്കായുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. സാംസണ്‍ ആണ് മേളയുടെ ബ്രാന്‍ഡ് അംബാസഡര്‍. ചലച്ചിത്ര താരം കീര്‍ത്തി സുരേഷ് മേളയുടെ ഗുഡ്‍വിൽ അംബാസഡര്‍ ആണ്. പ്രതിപക്ഷ നേതാവ്, മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. 

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes