കിഫ്ബി കേരളത്തിന്റെ പൊൻമുട്ടയിടുന്ന താറാവ് – 6616.13 കോടിയുടെ റോഡ്-പാലം പദ്ധതികൾ പൂർത്തിയാക്കി, കേരളം സൃഷ്ടിച്ച മാജിക് മന്ത്രി പി.എ. മുഹമ്മദ് റിയാസ്

തിരുവനന്തപുരം: കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി) സംസ്ഥാനത്തിന്റെ പൊൻമുട്ടയിടുന്ന താറാവാണെന്നും, ഇതിലൂടെ നടന്ന വികസനം കേരളം സൃഷ്ടിച്ചൊരു മാജിക്കാണെന്നും പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഇ.ചന്ദ്രശേഖരൻ എംഎൽഎ നൽകിയ സബ്മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി. കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ നീലേശ്വരം–എടത്തോട് റോഡിൻ്റെ വികസന പ്രവർത്തനങ്ങൾ സംബന്ധിച്ചായിരുന്നു സബ്മിഷൻ. 12.77 കിലോമീറ്റർ നീളമുള്ള ഈ റോഡിൽ 8.38 കിലോമീറ്റർ ഭാഗത്ത് ഡിബിഎം പ്രവൃത്തി പൂർത്തിയായതായി മന്ത്രി പറഞ്ഞു. “എന്നാല്‍ പ്രവൃത്തിയില്‍ പ്രതീക്ഷിച്ച വേഗത ഇല്ലാത്തതിനാല്‍ കരാറുകാരനെ നഷ്ടോത്തരവാദിത്വത്തില്‍ ടെര്‍മിനേറ്റ് ചെയ്യുകയും ചെയ്തു.43.27 കോടി രൂപയുടെ ധനാനുമതി കിഫ്ബി നല്‍കിയിട്ടുണ്ട്. ബാലന്‍സ് പ്രവൃത്തികള്‍ക്കുള്ള എസ്റ്റിമേറ്റ് ഒരാഴ്ചക്കകം എസ്റ്റിമേറ്റ് പുതുക്കി സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.എസ്റ്റിമേറ്റ് പുതുക്കി സമര്‍പ്പിച്ചാല്‍ വേഗത്തില്‍ തന്നെ അംഗീകാരത്തിനായി കിഫ്ബിക്ക് കൈമാറാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്,” മന്ത്രി അറിയിച്ചു.
കേരളത്തിൻ്റെ പശ്ചാത്തല വികസന മേഖലയില്‍ പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട്ഇതുവരെ 163 റോഡ്–പാലം പദ്ധതികൾ പൂർത്തിയായി. ചെലവായത് 6616.13 കോടി രൂപ. 1880.81 കി.മീറ്റര്‍ വരുന്ന 136 റോഡുകള്‍ 5643.59 കോടി രൂപ ചെലവിൽ പൂർത്തിയായി. 72.54 കോടി രൂപ ചെലവഴിച്ച് 27 പാലങ്ങളുടെ പണി പൂർത്തീകരിച്ചു. 1173.85 കി.മീറ്റര്‍ വരുന്ന 106 റോഡുകളാണ് ഇനി നിര്‍മാണത്തിലുള്ളത്. 6611.47 കോടി രൂപയായാണ് ഇതിനായി ചിലവഴിക്കുന്നത്. 1697.33 കോടി രൂപയുടെ 84 പാലം പദ്ധതികളും പുരോഗമിക്കുന്നുണ്ട്. “കിഫ്ബിയുടെ ഇടപെടലിലൂടെ പശ്ചാത്തല വികസന രംഗത്ത് കേരളത്തിൽ വലിയ മുന്നേറ്റമാണ് നടന്നത്. അതൊരു മാജിക്കാണെന്ന് മാത്രമേ വിളിക്കാനാവൂ. കേരളത്തിന്‍റെ പശ്ചാത്തല വികസനത്തിന് കിഫ്ബി തീർച്ചയായും പൊൻമുട്ടയിടുന്ന താറാവാണ്,” മന്ത്രി റിയാസ് വ്യക്തമാക്കി.