‘കുട്ടൻ സമ്മതിക്കണ്ടേ’? കസ്റ്റഡി മര്‍ദനത്തെ ന്യായീകരിച്ച് പോലീസിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്

ഇടുക്കി: കസ്റ്റഡി മര്‍ദനത്തെ ന്യായീകരിച്ച് പൊലീസുകാരന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്. ആവനാഴി സിനിമയില്‍ മമ്മൂട്ടി മോഷ്ടാവിനെ മര്‍ദിക്കുന്ന രംഗങ്ങള്‍ പങ്കുവെച്ചായിരുന്നു മറയൂർ എസ്ഐ മാഹിൻ സലിംമിന്റെ പോസ്റ്റ്. ‘കുട്ടൻ സമ്മതിക്കണ്ടേ’ എന്ന അടിക്കുറിപ്പോടെയായിരുന്നു വീഡിയോ പങ്കുവെച്ചത്. മുൻപ് വിദ്യാർഥിയെ മര്‍ദിച്ച സംഭവത്തിൽ സസ്‌പെന്‍ഷന്‍ നേരിടുകയും, വിദ്യാർഥിയെ സ്റ്റേഷൻ ഉള്ളിലേക്ക് വലിച്ചുകയറ്റി മർദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് വി. സുജിത്തിന് മർദനമേറ്റ സംഭവവും, തുടർന്നുണ്ടായ ആരോപണങ്ങളും വലിയ ചർച്ചയാകുന്ന സാഹചര്യത്തിലാണ് എസ്ഐ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പൊലീസ് വേഷത്തിലുള്ള മമ്മൂട്ടി, മോഷ്ടാവിനെ മർദിക്കുന്നതായി കാണാം. പോസ്റ്റിന് വ്യാപക വിമർശനമുയർന്നതോടെ വീഡിയോ വെറുതെ പങ്കുവെച്ചതാണെന്നാണ് എസ്‌ഐ പ്രതികരിച്ചു രംഗത്തെത്തി.
അതേസമയം കേരളാ പൊലീസിൻ്റെ മൂന്നാംമുറയിൽ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്തുവരികയാണ്. നിരവധി പേരെ ഹീനമായ ലോക്കപ്പ് മർദനത്തിനിരയാക്കിയ മധുബാബുവിനെ നടപടിയിൽ നിന്ന് സംരക്ഷിച്ചത് ടി.പി. സെൻകുമാറിൻ്റെ ഇടപെടലാണ് എന്ന് പരാതിയും ഉയർന്നു വന്നു. പത്തനംതിട്ടയിൽ കസ്റ്റഡിയിൽ തന്നെ മർദിച്ചതായി മുൻ എസ്എഫ്ഐ നേതാവ് മധു ബാബുവിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. വി എസ് സുജിത്തിനെ മർദിച്ചതിൽ കെഎസ്‌യു-യൂത്ത് കോൺഗ്രസ് പ്രതിഷേധം തുടരുകയാണ്.