കുമ്പളയിൽ ടോൾഗേറ്റിനെതിരെ സമരം ശക്തമാക്കി ടോൾഗേറ്റ് വിരുദ്ധ സമിതി

കാസർഗോഡ്: ദേശീയപാതയിലെ കുമ്പളയിൽ സ്ഥാപിക്കുന്ന ടോൾഗേറ്റിനെതിരെ സമരം ശക്തമാക്കാനൊരുങ്ങി ടോൾഗേറ്റ് വിരുദ്ധ സമരസമിതി. സെപ്തംബർ 14 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കാനാണ് തീരുമാനം. മൂന്നു മാസത്തിലേറെയായി സമരം തുടരുന്ന സാഹചര്യത്തിലാണ് സമിതി സമരം കടുപ്പിക്കാൻ തീരുമാനിച്ചത്. ദേശീയപാത ചട്ടപ്രകാരം ടോൾഗേറ്റുകൾക്കിടയിൽ കുറഞ്ഞത് 60 കിലോമീറ്റർ ദൂരപരിധി വേണം. എന്നാൽ തലപ്പാടിയിൽ നിന്ന് വെറും 20 കിലോമീറ്റർ അകലെയുള്ള കുമ്പളയിലാണ് ടോൾഗേറ്റ് നിർമ്മാണത്തിനുള്ള ദേശീയപാത അതോറിറ്റിയുടെ നീക്കം. തലപ്പാടി കഴിഞ്ഞാൽ അടുത്ത ടോൾഗേറ്റ് പെരിയയിൽ മാത്രമേ സ്ഥാപിക്കാനാകൂവെന്നതാണ് പ്രാദേശവാസികളുടെ വാദം.
സിംഗിൾ ബെഞ്ച് അനുകൂല വിധി നൽകിയതോടെ പ്രവർത്തനം വേഗത്തിലായെങ്കിലും, പ്രദേശവാസികളെ ഉൾപ്പെടെ ബാധിക്കുന്ന ടോൾഗേറ്റ് അനുവദിക്കില്ലെന്നാണ് സമരസമിതിയുടെ നിലപാട്. വിഷയവുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചിട്ടുണ്ടെന്നും തിങ്കളാഴ്ച കേസ് വിശദമായി കേൾക്കുമെന്നും അറിയിച്ചിട്ടുണ്ട്.
മഞ്ചേശ്വരം എംഎൽഎ ഉൾപ്പെടെയുള്ളവർ സമരത്തിന് നേതൃത്വം നൽകും. വിഷയത്തെ നിയമസഭയിലും ഉന്നയിക്കാനാണ് തീരുമാനം. കുമ്പളയിൽ ടോൾ സ്ഥാപിച്ചാൽ പ്രാദേശവാസികൾക്ക് തന്നെ നിരന്തരം ടോൾ അടയ്ക്കേണ്ടിവരും. കൂടാതെ പുഴയുടെ സമീപത്തായതിനാൽ സർവീസ് റോഡുകൾക്ക് സൗകര്യമില്ല. മംഗലാപുരത്തേക്ക് ദിവസേന യാത്ര ചെയ്യുന്നവർക്കും വലിയ സാമ്പത്തിക ബാധ്യതയാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അനുകൂല വിധി നൽകുമെന്ന പ്രതീക്ഷയിലാണ് പ്രാദേശവാസികൾ