കുവൈത്തിൽ മനുഷ്യക്കടത്ത്: 29 സ്ത്രീകളെ രക്ഷപ്പെടുത്തി കുവൈത്ത് പൊലീസ്

കുവൈത്ത് സിറ്റി: കുവൈത്തിൽ മനുഷ്യക്കടത്ത് സംഘത്തെ പിടികൂടി, ഫഹാഹീലിൽ പ്രവർത്തിച്ചിരുന്ന റിക്രൂട്ട്മെന്റ് ഓഫിസിൽ നടത്തിയ പരിശോധനയിലാണ് സംഘത്തെ കസ്റ്റഡിയിലെടുത്തത്. നിയമ വിരുദ്ധമായി വിസ വിൽക്കുകയും ഗാർഹിക ജോലികൾക്കായി തൊഴിലാളികളെ സംഘം കൈമാറ്റം ചെയ്തിരുന്നതായി പൊലീസ് അറിയിച്ചു.
വിസ ഫീസായി 120 ദിനാർ ഈടാക്കിയാണ് തൊഴിലാളികളെ ഇവിടെ എത്തിച്ചത്. അതിന് ശേഷം 1,100 ദിനാർ മുതൽ 1,300 ദിനാർ വരെയുള്ള തുക നൽകിയാണ് ഇവർ തൊഴിലാളികളെ മറ്റുള്ളവർക്ക് കൈമാറിയിരുന്നത്. ഇവരുടെ സംഘത്തിൽ അകപ്പെട്ട ഏഷ്യൻ വംശജരായ 29 സ്ത്രീ തൊഴിലാളികളെയും കണ്ടെത്തി. ഓഫിസ് മാനേജർമാർ വളരെ മോശമായി പെരുമാറി എന്നും വിവിധ ജോലിക്കൾക്കായി നിർബന്ധിച്ച് അയപ്പിച്ചതായും സ്ത്രീകൾ അധികൃതർക്ക് മൊഴി നൽകി. രക്ഷപെടുത്തിയവരെ സുരക്ഷിതമായ ഷെൽട്ടറിലേക്ക് മാറ്റി.മനുഷ്യക്കടത്ത്, വിസ നിയമലംഘനം എന്നീ കുറ്റങ്ങൾ ചുമത്തി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.