കേന്ദ്ര കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്, അതിശക്ത ചുഴലിക്കാറ്റായി മൊൻത ; ഭീതിയോടെ തീരപ്രദേശങ്ങൾ
ആന്ധ്രാപ്രദേശ്: പടിഞ്ഞാറൻ മധ്യ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട് ‘അതിശക്തമായ ചുഴലിക്കാറ്റായി’ മാറിയ മൊൻത ചുഴലിക്കാറ്റിന്റെ ഭീതിയിൽ സ്ഥാനങ്ങൾ. നിലവിൽ ആന്ധ്രാ തീരത്ത് നിന്ന് 270 കിലോമീറ്റര്‍ അകലെയാണ് ‘മൊൻ ത’. ഇതോടെ ആന്ധ്രാ തീരത്ത് കടല്‍ക്ഷോഭം ശക്തമായിട്ടുണ്ട്. വൈകിട്ടോടെ ചുഴലിക്കാറ്റ് കര തൊടും. ആന്ധ്രക്ക് പുറമേ തമിഴ്നാട്ടിലും , ഒഡിഷയിലും , ബംഗാളിലും കനത്ത ജാഗ്രത നിർദേശം നൽകി.
സംസ്ഥാനത്തെ 16 ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒഡിഷ, ഛത്തീസ്ഗണ്ഡ്, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലും ജാഗ്രതാ നിർദ്ദേശമുണ്ട്. വിവിധ സംസ്ഥാനങ്ങളിലായി അടുത്ത രണ്ട് ദിവസങ്ങളിൽ സർവീസ് നടത്തേണ്ടിയിരുന്ന 100 ലേറെ ട്രെയിനുകൾ റദ്ദാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദി ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായി ഫോണിൽ ബന്ധപ്പെട്ട് സഹായങ്ങൾ വാഗ്ധാനം ചെയ്തു.
കടൽ പ്രക്ഷുബ്ദമായതിനെ തുടർന്ന് വിവിധ ഇടങ്ങളില്‍ റോഡുകള്‍ തകര്‍ന്നിട്ടുണ്ട്. കാക്കിനാഡ, ഗൊണസീമ മേഖലകളിൽ മാത്രം ഏകദേശം 10,000 പേരെയാണ് ഒഴിപ്പിച്ചിരിക്കുന്നത്. ഒഡീഷയിൽ 3000ത്തിലധികം പേരെ ഒഴിപ്പിച്ചു. ഖോർധ ജില്ലയിലെ ചിലിക തടാകം കര കവിഞ്ഞിട്ടുണ്ട് .ചെന്നൈയിൽ 215 ദുരിതാശ്വാസ കേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിച്ചു. കേരളത്തിൽ മധ്യ തെക്കൻ ജില്ലകളിലും മഴ ശക്തമാകാനുള്ള സാധ്യതയുണ്ട്.

