കേരളത്തെ ഹെൽത്ത് ഹബ്ബാക്കി മാറ്റും, എല്ലാവര്ക്കും ആരോഗ്യ പരിരക്ഷ ഉറപ്പാക്കും”; ‘കേരളത്തിൻ്റെ ആരോഗ്യ മേഖല വിഷന് 2031’ നയരേഖ അവതരിപ്പിച്ച് മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: 2031 ഓടെ എല്ലാവർക്കും സമഗ്രമായ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന സംസ്ഥാനമായി കേരളത്തെ മാറ്റുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ‘വിഷൻ 2031’ ആരോഗ്യ സെമിനാറിൽ ‘കേരളത്തിന്റെ ആരോഗ്യ മേഖല വിഷൻ 2031’ നയരേഖ അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
സ്പെഷ്യാലിറ്റി ചികിത്സകൾ വികേന്ദ്രീകരിക്കുകയും അടിസ്ഥാന സൗകര്യ വികസനം കൂടുതൽ മെച്ചപ്പെടുത്തുകയും ട്രോമ കെയർ, എമർജൻസി സംവിധാനം എന്നിവ ശക്തിപ്പെടുത്തുകയും ചെയ്യും. ആരോഗ്യ സേവനങ്ങളിൽ തുല്യത ഉറപ്പാക്കുക സർക്കാർ പ്രതിബദ്ധമായ ലക്ഷ്യമാണെന്നും മന്ത്രി വ്യക്തമാക്കി.
വിവിധ പദ്ധതികളെ ഏകോപിപ്പിച്ചാണ് ‘കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി’ ആവിഷ്കരിച്ചത്. ഇതിലൂടെ 42.2 ലക്ഷം കുടുംബങ്ങൾക്ക് പരിരക്ഷ ലഭിക്കുന്നു. കൂടാതെ, കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിയും നിലവിലുണ്ട്. ഈ പദ്ധതിയിൽ ഒരു കുടുംബത്തിന് പരമാവധി അഞ്ച് ലക്ഷം രൂപ വരെ ചികിത്സാ ചെലവ് സർക്കാർ വഹിക്കുന്നതായി മന്ത്രി അറിയിച്ചു. കൂടുതൽ പേർക്ക് ആരോഗ്യ പരിരക്ഷ ലഭ്യമാക്കാൻ പദ്ധതിയുടെ പരിധി വിപുലീകരിക്കുമെന്ന് വീണ ജോർജ് കൂട്ടിച്ചേർത്തു.
ജീവിതശൈലീ രോഗങ്ങൾ കുറയ്ക്കാൻ ലക്ഷ്യമിട്ട് ‘ഹെൽത്തി’ ലെഫ് ക്യാമ്പയിൻ’ നടപ്പിലാക്കുന്നു. ആയുഷ് വകുപ്പിന്റെ കീഴിൽ 10,000 യോഗ ക്ലബുകൾ രൂപീകരിച്ചിരിക്കുകയാണ്. സ്കൂൾ ഹെൽത്ത് പദ്ധതി നടപ്പാക്കുകയും മാനസികാരോഗ്യ സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യും. 30 വയസിന് മുകളിലുള്ളവരെ ലക്ഷ്യമാക്കി ജീവിതശൈലീ രോഗങ്ങൾ നേരത്തെ കണ്ടെത്തി ചികിത്സ ഉറപ്പാക്കാൻ ‘ആർദ്രം ജനകീയ ക്യാമ്പയിൻ’ ആരംഭിച്ചു. കൂടാതെ, കാൻസർ പ്രതിരോധത്തിനായി ‘ആരോഗ്യം ആനന്ദം, അകറ്റാം അർബുദം’ ക്യാമ്പയിനിലൂടെ ഇതുവരെ 20 ലക്ഷത്തിലധികം പേരെ സ്ക്രീനിംഗ് നടത്തി. അത്യാധുനിക കാൻസർ ചികിത്സാ സൗകര്യങ്ങളും സംസ്ഥാനത്ത് ഒരുക്കിയിട്ടുണ്ട്.
വര്ധിച്ചു വരുന്ന ജീവിതശൈലീ രോഗങ്ങള്, അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ് പോലുള്ള പുതിയ വെല്ലുവിളികളും പ്രതിരോധിക്കാൻ എപ്പിഡമിക് ഇൻറലിജൻസ് സംവിധാനം വികസിപ്പിക്കും. പ്രാദേശിക തലത്തിൽ മൈക്രോ പ്ലാനുകൾ തയ്യാറാക്കി പ്രതിരോധം കൂടുതൽ ശക്തിപ്പെടുത്തും. മെഡിക്കൽ കോളേജുകളെ പൂർണ്ണമായും ടേർഷ്യറി കെയർ കേന്ദ്രങ്ങളാക്കി മാറ്റാനും ചികിത്സാ രംഗത്തൊപ്പം അക്കാദമിക് മേഖലയും വികസിപ്പിക്കാനുമാണ് ശ്രമം. ആയുർവേദ രംഗത്ത് അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം സംസ്ഥാനത്തിന് വലിയ മുന്നേറ്റമാകും. കേരളത്തെ ഹെൽത്ത് ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.
പ്രതിരോധത്തിൽ കേരളം രാജ്യത്തിന് മാതൃകയായ പ്രവർത്തനങ്ങൾ നടത്തി വരികയാണെന്നും ആരോഗ്യ രംഗത്തെ ശാസ്ത്രീയമല്ലാത്ത തെറ്റായ പ്രചാരണങ്ങൾ ഒഴിവാക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.’ആരോഗ്യ രംഗത്തെ കഴിഞ്ഞ ദശകത്തിലെ നേട്ടങ്ങൾ’ അവതരിപ്പിച്ചത് ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ ആയിരുന്നു. ഡോ. പി.കെ. ജമീല, ഡോ. അരുൺ എസ്. നായർ, ജോർജ് എബ്രഹം, ഷീബ ജോർജ്, ഡോ. സജിത് ബാബു, ശോഭനാ ജോർജ്, ഡോ. വിനയ് ഗോയൽ, ഡോ. കെ.ജെ. റീന, ഡോ. വിശ്വനാഥൻ, ഡോ. കെ.എസ്. പ്രിയ, ഡോ. ടി.ഡി. ശ്രീകുമാർ, ഡോ. എം.പി. ബീന, ഡോ. ടി.കെ. വിജയൻ, ഡോ. സുജിത് കുമാർ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.