കേരള സർവകലാശാല രജിസ്ട്രാർ ഇൻ ചാർജ് സ്ഥാനത്തുനിന്ന് മിനി കാപ്പനെ മാറ്റി; തീരുമാനം ചാന്‍സലറുടേത്

തിരുവനന്തപുരം: കേരള സര്‍വകലാശാല രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് സ്ഥാനത്ത് നിന്ന് മിനി കാപ്പനെ മാറ്റി. ഇടത് അംഗങ്ങളുടെ ആവശ്യം അംഗീകരിച്ച് വൈസ് ചാന്‍സലറുടേതായിരുന്നു തീരുമാനം. കാര്യവട്ടം ക്യാമ്പസ് ജോ. രജിസ്ട്രാര്‍ രശ്മിക്കാണ് പകരം ചുമതല. സിന്‍ഡിക്കേറ്റ് യോഗത്തിന് പിന്നാലെ മിനി കാപ്പന്‍ ചുമതല ഒഴിയും. യോഗം ആരംഭിച്ചയുടന്‍ മിനി കാപ്പനെതിരെ ഇടത് അംഗങ്ങള്‍ മിനി കാപ്പനെതിരെ പ്രതിഷേധം നടത്തി. സിന്‍ഡിക്കറ്റ് അറിയാതെ വി സി സ്വയം നിയമിച്ച അനധികൃത രജിസ്ട്രാറാണ് മിനി കാപ്പനെന്നായിരുന്നു സിന്‍ഡിക്കറ്റ് അംഗങ്ങളുടെ വാദം. പ്രതിഷേധം ശക്തമായതോടെ ഇടത് സിന്‍ഡിക്കറ്റ് അംഗങ്ങളുടെ ആവശ്യം വിസി അംഗീകരിക്കുകയായിരുന്നു. തീരുമാനം ഔദ്യോഗികമാകുന്നതോടെ മിനി കാപ്പന്‍ ചുമതലയില്‍ നിന്ന് ഒഴിയും. കേരള സര്‍വകലാശാല രജിസ്ട്രാര്‍ പദവി ഏറ്റെടുക്കാന്‍ താല്‍പര്യമില്ലെന്ന് ആവശ്യപ്പെട്ട് നേരത്തെ മിനി കാപ്പന്‍ വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മലിന് കത്തയച്ചിരുന്നു.
‘അടിയന്തരാവസ്ഥയുടെ അന്‍പതാണ്ടുകള്‍’ എന്ന പേരില്‍ പത്മനാഭ സേവാഭാരതി എന്ന സംഘടന സംഘടിപ്പിച്ച പരിപാടിയില്‍ കാവിക്കൊടിയേന്തിയ വനിതയുടെ ചിത്രം പ്രദര്‍ശിപ്പിച്ചതായിരുന്നു വിവാദങ്ങള്‍ക്ക് വഴിവെച്ചത്. പരിപാടിക്ക് രജിസ്ട്രാര്‍ അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ ഇത് മറികടന്ന് ഗവര്‍ണര്‍ ചടങ്ങില്‍ പങ്കെടുത്തു. ഇതിന് പിന്നാലെ പരിപാടിക്ക് രജിസ്ട്രാര്‍ എന്തുകൊണ്ട് അനുമതി നിഷേധിച്ചുവെന്ന് വ്യക്തമാക്കണമെന്ന് കാണിച്ച് ഗവര്‍ണര്‍ വൈസ് ചാന്‍സലറോട് റിപ്പോര്‍ട്ട് തേടി. ഈ റിപ്പോര്‍ട്ട് പരിഗണിച്ചായിരുന്നു ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ നിര്‍ദേശ പ്രകാരം വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മല്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. തുടർന്ന് സര്‍വകലാശാലയില്‍ നടന്നത് അസാധാരണ നടപടികളായിരുന്നു. അസിസ്റ്റന്റ് രജിസ്ട്രാറായിരുന്ന മിനി കാപ്പന് വിസി രജിസ്ട്രാറുടെ ചുമതല നല്‍കി. വിഷയം ഒടുവിൽ ഹൈക്കോടതിയുടെ പരിഗണനയില്‍ എത്തുകയും അനില്‍കുമാറിന് അനുകൂലമായി ഹൈക്കോടതി ഉത്തരവിറക്കുകയും ചെയ്തിരുന്നു. എന്നാല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ വൈസ് ചാന്‍സലര്‍ തയ്യാറായില്ല.